ആലപ്പുഴ: അരൂരില്‍ പുതിയ മാര്‍ക്കറ്റ് കെട്ടിടം നിര്‍മിച്ചതിനാല്‍ മത്സ്യത്തൊഴിലാളികളുടെ ദീര്‍ഘകാല സ്വപ്നമാണ് സാക്ഷാത്കരിക്കാനായതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. മത്സ്യഫെഡിന്‍റെ സഹകരണത്തോടെ അരൂരില്‍ പുതുതായി നിര്‍മിച്ച മത്സ്യമാര്‍ക്കറ്റ് കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാരുടെ ക്ഷേമത്തിന് ഊന്നല്‍ നല്‍കുന്ന സര്‍ക്കാരാണിതെന്നും ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച് നല്‍കുന്ന ഇത്തരം മാര്‍ക്കറ്റുകള്‍ അതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന സാധാരണക്കാര്‍ക്ക് അനുഗ്രഹമാണെന്നും മന്ത്രി പറഞ്ഞു. മത്സ്യമാര്‍ക്കറ്റുകളുടെ ഒരു പ്രധാന പ്രശ്‌നമാണ് മലിനീകരണം. സിഫ്റ്റ് ആധുനിക രീതിയില്‍ ഡിസൈന്‍ ചെയ്ത ഈ മാര്‍ക്കറ്റിന് അത്തരം പ്രശ്‌നങ്ങളുണ്ടാകില്ല. മാര്‍ക്കറ്റിന്‍റെ വികസനത്തിനാവശ്യമായ എല്ലാം സഹായങ്ങളും എത്തിക്കുവാന്‍ ഇനിയും ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു.
പരിപാടിയോട് അനുബന്ധിച്ച് മത്സ്യ തൊഴിലാളികള്‍ക്കുള്ള മൈക്രോ ഫിനാന്‍സ് വായ്‌പ വിതരണം, പലിശ രഹിത വായ്‌പ വിതരണം എന്നിവ നടന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മത്സ്യവിപണനം നടക്കുന്ന മാര്‍ക്കറ്റുകളിലൊന്നാണ് അരൂരിലേത്. പഴയ മാര്‍ക്കറ്റ് കെട്ടിടം പൊളിച്ചതിനുശേഷം താത്കാലിക ഷെഡ്ഡുകളിലാണ് മത്സ്യവിപണനം നടക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് എല്ലാവര്‍ക്കും സൗകര്യപ്രദമായ തരത്തിലാണ് പുതിയ മാര്‍ക്കറ്റിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. വളരെ തിരക്കേറിയ ഇടക്കൊച്ചി - അരൂര്‍ റോഡിന്‍റെ അരികിലായാണ് മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നത്. മാര്‍ക്കറ്റിലേക്ക് എത്തുന്ന കച്ചവടക്കാരുടെ വാഹനങ്ങള്‍ തൊട്ടടുത്തുകൂടി കടന്നു പോകുന്ന ദേശിയപാതയുടെ വശങ്ങളിലാണ് പാര്‍ക്കു ചെയ്തിരുന്നത്. ഒട്ടേറെ അപകടങ്ങള്‍ക്ക് ഇത് കാരണമാകുന്നുണ്ട്. പുതിയ മാര്‍ക്കറ്റ് കെട്ടിടം നിലവില്‍ വരുന്നതോടെ വാഹനങ്ങള്‍ ഉള്ളിലേക്ക് പ്രവേശിപ്പിക്കാനാകും. മലിനജലം ഒഴുക്കിക്കളയാനുള്ള സംവിധാനവും മാര്‍ക്കറ്റില്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 50 ലക്ഷം രൂപ, മുന്‍ അരൂര്‍ എംഎല്‍എ ആയിരുന്ന എ.എം ആരിഫ് എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ, അരൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ വിഹിതമായ 10 ലക്ഷം രൂപയുമുള്‍പ്പെടെ 85 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് മാര്‍ക്കറ്റ് ആധുനികവല്‍ക്കരിച്ചത്.
ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍, എ.എം ആരിഫ് എം.പി, മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ലോറന്‍സ് ഹാരോള്‍ഡ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.