ആലപ്പുഴ: അരൂർ എംഎൽഎ അഡ്വ. ഷാനിമോൾ ഉസ്‌മാനെതിരെ രൂക്ഷവിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ. ഷാനിമോൾ ഉസ്‌മാൻ വികസനം തടസപ്പെടുത്തുന്നതല്ലാതെ യാതൊന്നും ചെയ്യുന്നില്ലെന്നാണ് ആരോപണം.
പെരുമ്പളം പാലം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താനാണ് ഷാനിമോള്‍ ഉസ്‌മാന്‍ ശ്രമിക്കുന്നതെന്നും അവർ ദയനീയ പരാജയമാണെന്നും അരൂരിൽ മിടുക്കനായ ഒരു സ്ഥാനാർഥിയെ പരാജയപ്പെടുത്തിയവർ ഇപ്പോൾ അനുഭവിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അരൂർ എംഎൽഎയ്ക്ക് പണിയെടുക്കാനും വിയർപ്പൊഴുക്കാനും വയ്യ. ഇങ്ങനെയുള്ളയാളുകളെ ഒന്നും ജനപ്രതിനിധിയായി തെരഞ്ഞെടുത്ത് അയയ്ക്കരുത്. എംഎൽഎ എന്ന നിലയിൽ അരൂരിൽ എന്താണ് ഷാനിമോൾ ഉസ്‌മാന്‍റെ പണിയെന്നും സുധാകരൻ ചോദിച്ചു.
പെരുമ്പളം പാലം നിർമ്മാണം തടസപ്പെടുത്തിയതിനെയും പൊതുമരാമത്ത് മന്ത്രി രൂക്ഷമായി വിമർശിച്ചു. കേരളം മുഴുവൻ പാലം പണിയുന്ന തനിക്ക് പെരുമ്പളം പാലം മാത്രം പണിയാതിരിക്കേണ്ട കാര്യമെന്താണ്. പാലം നിർമാണത്തിൽ എംഎൽഎ യാതൊരു താല്‍പര്യവും കാണിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച കേസിൽ കക്ഷി ചേരാൻ ഒരു ജനപ്രതിനിധി പോലും തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ചേർത്തല നെടുമ്പ്രക്കാട് നടന്ന തെരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ജി.സുധാകരൻ.