ആലപ്പുഴ: മാവേലിക്കരയിൽ പൊലീസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട സൗമ്യയുടെ മകൻ. സൗമ്യയുടെ മൂത്തമകൻ ഋഷികേശ് ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. പ്രതിയിൽ നിന്ന് തന്റെ അമ്മ നിരന്തരം ഭീഷണി നേരിട്ടിരുന്നതായി ഋഷികേശ് പറഞ്ഞു.
അജാസ് എന്നൊരു പൊലീസുകാരനിൽ നിന്നും അമ്മ ഭീഷണി നേരിട്ടിരുന്നു. 'തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി അജാസ് ആയിരിക്കുമെന്നും അങ്ങനെയെങ്കിൽ ഇക്കാര്യം നീ പൊലീസിനോട് പറയണം എന്ന് അമ്മ പറഞ്ഞിരുന്നു'- നിറകണ്ണുകളുമായി ഋഷികേശ് പറഞ്ഞു.
പ്രതിക്ക് കൊല്ലപ്പെട്ട സൗമ്യയോട് എന്തായിരുന്നു പക എന്ന കാര്യത്തെ സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇരുവരും സൗമ്യയുടെ പൊലീസ് ട്രെയിനിംഗ് കാലത്താണ് തമ്മിൽ പരിചയപ്പെടുന്നത്. ഇരുവരുടെയും ഫോൺകോൾ വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
സൗമ്യയുടെ മൃതദേഹം ഇന്നലെ രാത്രി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സൗമ്യയുടെ ഭർത്താവ് വിദേശത്തായതിനാൽ അദ്ദേഹം എത്തിയ ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. അങ്ങനെയെങ്കിൽ സംസ്കാര ചടങ്ങുകൾ നാളെ നടത്താനാണ് സാധ്യതയെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രതി അജാസ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണ്. അജാസിന്‍റെ ശരീരത്തില്‍ ഏകദേശം 45 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. അബോധാവസ്ഥയിൽ ആയതിനാൽ പ്രതിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസിന് സാധിച്ചിട്ടില്ല.