ആലപ്പുഴ: ആലപ്പുഴ പള്ളാത്തുരുത്തിയിൽ ലോറിയും കാറും കൂട്ടിയിടിച്ച്, ലോറി തോട്ടിലേക്ക് മറിഞ്ഞു. ആലപ്പുഴ - ചങ്ങനാശ്ശേരി എസി റോഡിൽ പള്ളാത്തുരുത്തി ഒന്നാം പാലത്തിലായിരുന്നു അപകടം. എറണാകുളം കണ്ടെയ്നർ ടെർമിനലിൽ നിന്നും ഗോതമ്പ് കയറ്റി കൊണ്ടുവന്ന കണ്ടെയ്നർ ലോറിയാണ് അപകടത്തിൽപ്പെട്ട് തോട്ടിലേക്ക് മറിഞ്ഞത്. ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലേക്ക് എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ പാലത്തിന്‍റെ കൈവരികൾ പൂർണമായും തകർന്നു.
പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കാർ ഡ്രൈവർ ലൈറ്റ് തെളിക്കാതിരുന്നതാണ് അപകടകാരണമെന്ന് ലോറി ഡ്രൈവർ മൊഴിനൽകി. അപകട വിവരം കൺട്രോൾ റൂമിൽ അറിയിച്ചതിനെ തുടർന്ന് ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘവും അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.