ആലപ്പുഴ: ലോക്സഭാ മണ്ഡലങ്ങളായ ആലപ്പുഴ, മാവേലിക്കര എന്നിവിടങ്ങളിലെ വോട്ടെണ്ണൽ പ്രക്രിയ സുഗമമായി പൂർത്തീകരിക്കാനുള്ള സ്ഥാനാർഥി പ്രതിനിധികളുടെ യോഗം ചേർന്നു. ആലപ്പുഴ കലക്ടർ എസ് സുഹാസിന്‍റെ അധ്യക്ഷതയിൽ കലക്ട്രേറ്റിലായിരുന്നു യോഗം ചേർന്നത്. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കും വോട്ടെണ്ണൽ ദിനത്തിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാനാണ് യോഗം ചേർന്നത്.
ഓരോ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും 14 ടേബിളുകളിലായാണ് വോട്ടെണ്ണൽ നടക്കുക. വോട്ടെണ്ണൽ പൂർത്തിയായ ശേഷമായിരിക്കും വിവിപാറ്റ് എണ്ണുന്നത്. വോട്ടെണ്ണൽ ദിവസമായ മെയ് 23ന് രാവിലെ 7.30ന് സ്ട്രോങ്ങ് റൂമുകളിൽ നിന്ന് വോട്ടിങ് യന്ത്രങ്ങൾ വോട്ടെണ്ണൽ ഹാളുകളിലേക്ക് എത്തിക്കും. അന്നേദിവസം കൃത്യം 8 മണിക്ക് വോട്ടെണ്ണൽ പ്രക്രിയ ആരംഭിക്കും. വോട്ടെണ്ണൽ പൂർണമായും റിട്ടേണിങ് ഓഫീസറുടെ മേൽനോട്ടത്തിലാണ് നടക്കുക.
ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ സെന്‍റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിലും സെന്‍റ് ജോസഫ് കോളജിലും ലിയോ തേർട്ടീന്ത് ഹയർസെക്കൻഡറി സ്കൂളിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ ആലപ്പുഴ എസ് ഡി കോളജിലും തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിലും സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നടക്കും. തപാൽ വോട്ടുകൾ ആലപ്പുഴ കലക്ട്രേറ്റിലാണ് എണ്ണുക. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം വരുംദിവസങ്ങളിൽ നടക്കും.