ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ സ്ഥലം വിട്ടുനല്‍കുന്ന എല്ലാ ക്ഷീരസംഘങ്ങള്‍ക്കും കന്നുകാലി സംരക്ഷണ കേന്ദ്രങ്ങള്‍ അനുവദിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു. കുട്ടനാട്ടില്‍ കന്നുകാലികളെ സംരക്ഷിക്കുന്നതിനായി ക്ഷീരവികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന മള്‍ട്ടിപര്‍പസ് എലെവേറ്റഡ് കാറ്റില്‍ ഷെഡിന്‍റെ ശിലാസ്ഥാപനം മന്ത്രി കെ.രാജു നിര്‍വഹിച്ചു. കുട്ടനാട്ടില്‍ ചെമ്പുംപുറം സഹകരണ സംഘത്തെ കൂടാതെ ചമ്പക്കുളം ക്ഷീര സഹകരണ സംഘത്തിനും കന്നുകാലി സംരക്ഷണ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
കുട്ടനാട്ടില്‍ പക്ഷിപ്പനി പടര്‍ന്നപ്പോഴും പ്രളയകാലത്തും അര്‍ഹരായവര്‍ക്കെല്ലാം സഹായം എത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രളയത്തില്‍ കന്നുകാലികളെ നഷ്ടപ്പെട്ടവര്‍ക്ക് മുപ്പത്തിനായിരം രൂപ വീതവും പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് 12കോടി രൂപയുടെയും സഹായമെത്തിച്ചു. പ്രളയ കാലത്ത് കുട്ടനാട്ടുകാര്‍ക്ക് അവരുടെ വരുമാന മാര്‍ഗവും മൃഗങ്ങളെ ഉപേക്ഷിച്ചു വരാന്‍ സാധിക്കാത്ത സാഹചര്യം കണക്കിലെടുത്താണ് ഒരു ശാശ്വത പരിഹാരം എന്ന നിലയില്‍ കന്നുകാലി സംരക്ഷണ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത്.
പ്രളയ സാഹചര്യമില്ലാത്ത സമയങ്ങളില്‍ മറ്റ് ആവശ്യങ്ങള്‍ക്കായി ഇവയെ വിനിയോഗിക്കും. നെല്ല്, കറ്റ, വൈക്കോല്‍ എന്നിവ സംഭരിക്കാനും, കര്‍ഷകര്‍ക്ക് യോഗം ചേരാനുള്ള ഹാളായും കാലാവര്‍ഷകെടുതിയുടെ സമയത്ത് മാറ്റിപാര്‍പ്പിക്കേണ്ട കാലികള്‍ കുറവാണെങ്കില്‍ വെള്ളം കയറിയ വീടുകളിലെ ആളുകളെ മാറ്റിപാര്‍പ്പിക്കാനും ഈ കേന്ദ്രം വിനിയോഗിക്കാമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.
ചമ്പക്കുളം ബ്ലോക്കിലെ നെടുമുടി ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ചെമ്പുംപുറം ക്ഷീരോത്പാദന സഹകരണ സംഘത്തിന്‍റെ 15 സെന്‍റ് സ്ഥലത്ത് 5496 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കന്നുകാലി സംരക്ഷണ കെട്ടിട സമൂച്ചയത്തിന് ഒരുകോടി 80 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. പ്രളയ സമയത്ത് 100 പശുക്കളെ വരെ സുരക്ഷിതമായി മാറ്റി പാര്‍പ്പിക്കാന്‍ സാധിക്കും. ഏറ്റവും താഴത്തെ നിലയില്‍ സംഘം ഓഫീസ്, പാല്‍ സംഭരണം, പാല്‍ പരിശോധന മുറികള്‍, യോഗം കൂടുന്നതിനുള്ള മുറി എന്നിവ ഒരുക്കും. ഒന്നാം നിലയില്‍ 70 ഓളം ഉരുക്കളെ നിര്‍ത്തുന്നതിനുള്ള സൗകര്യവും ഉരുക്കളെ നോക്കുന്നവര്‍ക്കുള്ള സൗകര്യവും രണ്ടാം നിലയില്‍ 30 ഉരുക്കളെ സംരക്ഷിക്കുന്നതിനുള്ള സൗകര്യവും കാലിത്തീറ്റ സംഭരണശാലയും ഒരുക്കും. ചാണകം, മൂത്രം എന്നിവ സംഭരിക്കുന്നതിനുള്ള ടാങ്കും മഴവെള്ളസംഭരണിയും ഇതോടനുബന്ധമായി നിര്‍മിക്കും.