ആലപ്പുഴ: സർക്കാരിന്‍റെ പാർപ്പിട പദ്ധതിയായ ലൈഫിലേക്ക് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് ഇന്ന് മുതൽ ആരംഭിക്കും. www.life2020.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് സേവനം ലഭ്യമാവുക. വ്യക്തികൾക്കും അക്ഷയ സ്ഥാപനങ്ങൾക്കും മൊബൈൽ നമ്പറിൽ യൂസർ ക്രിയേറ്റ് ചെയ്ത് അപേക്ഷ സമർപ്പിക്കാം. സെക്രട്ടറിയുടെയും പഞ്ചായത്തിലെയും സുലേഖ ഐഡി ഉപയോഗിച്ച് ഹെൽപ് ഡസ്‌ക് ക്രിയേറ്റ് ചെയ്യാനും അപേക്ഷ അയയ്ക്കാനും സാധിക്കും.
അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾ വെബ്സൈറ്റിന്‍റെ ഹോം പേജിൽ ലഭ്യമാണ്. അർഹതാ മാനദണ്ഡങ്ങൾ പരിശോധിച്ച് അർഹതയുള്ളവർ മാത്രം അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കുക. ആവശ്യമായ രേഖകൾ വെബ്സൈറ്റിന്‍റെ ഹോം പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ രേഖകൾ ഒരുക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക. അർഹതയില്ലാത്ത അപേക്ഷകൾ പരിശോധനാ സമയത്ത് നിരസിക്കുമെന്നതിനാൽ, ഇത്തരം അപേക്ഷകൾ അയയ്ക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും ലൈഫ് മിഷൻ അധികൃതർ അറിയിച്ചു.
കണ്ടെയ്‌ൻമെന്‍റ്, ക്ലസ്റ്റർ മേഖല തുടങ്ങിയ സ്ഥലങ്ങളിൽ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനുമുള്ള ബുദ്ധിമുട്ട് പരിഗണിച്ച് ഇവിടെ ഓഗസ്റ്റ് 14ന് ശേഷവും അപേക്ഷ തിയതി നീട്ടുമെന്നും ലൈഫ് മിഷൻ ജില്ലാ കോ-ഓഡിനേറ്റർ പി.പി ഉദയസിംഹൻ അറിയിച്ചു.