ആലപ്പുഴ: ചെങ്ങന്നൂർ തിരുവൻവണ്ടൂരിൽ ഭരണത്തിലേറാൻ യുഡിഎഫ് പിന്തുണ ലഭിച്ചെങ്കിലും ഇടതുമുന്നണി പഞ്ചായത്ത് ഭരണം വേണ്ടെന്ന് വെച്ചു. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സിപിഎമ്മിലെ ബിന്ദു കുരുവിളയാണ് സത്യപ്രതിജ്ഞ ചെയ്യാൻ വിസമ്മതിച്ചത്. ആദ്യ റൗണ്ടിൽ പുറത്തായ യുഡിഎഫ് രണ്ടാം റൗണ്ടിൽ എൽഡിഎഫിന് പിന്തുണ നൽകുകയായിരുന്നു. എന്നാൽ പാര്‍ട്ടി തീരുമാനപ്രകാരം യുഡിഎഫ് പിന്തുണ വേണ്ടെന്ന് പറഞ്ഞ് അധികാരമേൽക്കാൻ ബിന്ദു വിസമ്മതിക്കുകയായിരുന്നു. അതേസമയം ബിജെപി അധികാരത്തിൽ വരുന്നത് തടയാനായിരുന്നു എൽഡിഎഫിന് വോട്ട് ചെയ്‌തെന്നായിരുന്നു യുഡിഎഫ് നേതൃത്വത്തിന്‍റെ വിശദീകരണം.
17 അംഗങ്ങളുള്ള പഞ്ചായത്തിൽ കഴിഞ്ഞ തവണ എൻഡിഎ ഭരണം നേടിയെങ്കിലും പിന്നീട് രാഷ്ട്രീയ സാഹചര്യം മാറിമറിഞ്ഞതോടെ കേരളാ കോൺഗ്രസ് (എം) പിന്തുണയോടെ കഴിഞ്ഞ തവണ ഭരണം എൽഡിഎഫ് പിടിക്കുകയായിരുന്നു. ഇത്തവണ എൻഡിഎ അഞ്ച്, യുഡിഎഫ് മൂന്ന്, എൽഡിഎഫ് രണ്ട്, സ്വതന്ത്രർ മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദേശ പ്രകാരമാവും ഇവിടെ അധ്യക്ഷ, ഉപാധ്യക്ഷ പദവികളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.