ആലപ്പുഴ: പരമ്പരാഗത കോൺഗ്രസ് കോട്ടയായി അറിയപ്പെടുന്ന ചെങ്ങന്നൂരിനെ കൂടുതൽ ചുവപ്പിച്ചുകൊണ്ടാണ് നിലവിലെ എം.എൽ.എ. സജി ചെറിയാൻ വിജയരഥമേറിയത്. അതും സ്വന്തം റെക്കോഡ് തന്നെ മറികടന്നുകൊണ്ടുള്ള ഗംഭീര ഭൂരിപക്ഷത്തോടെ.
തൊട്ടടുത്ത യു.ഡി.എഫ്. സ്ഥാനാർഥിയും മുൻ എം.എൽ.എ.യുമായ എം. മുരളിയേക്കാൾ 31,984വോട്ടുകൾ നേടിയാണ് സജി ചെറിയാൻ ചെങ്ങന്നൂരിൽ വിജയക്കൊടി പാറിച്ചത്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലെ സ്വന്തം ഭൂരിപക്ഷമായ 20,956 എന്ന റെക്കോർഡാണ് സജി ചെറിയാൻ തകർത്തത്. ചെങ്ങന്നൂരിൽ ആകെ പോൾ ചെയ്ത 1,46,733 വോട്ടുകളിൽ 71,293 വോട്ടുകളും സജി ചെറിയാന് നേടാനായി. എം മുരളി 39,309 വോട്ടും എൻഡിഎ സ്ഥാനാർഥി എം വി ഗോപകുമാർ 34,493 വോട്ടും നേടി.
മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നഗരസഭയിലും സജി വ്യക്തമായ ഭൂരിപക്ഷം നേടി. മാന്നാർ (3700 ), പാണ്ടനാട് (1300 ), തിരുവൻവണ്ടൂർ (1300 ), മുളക്കുഴ (5000), ആലാ (1750), പുലിയൂർ (2260 ), ബുധനൂർ (3209), ചെന്നിത്തല ( 3100), ചെറിയനാട് (3000), വെണ്മണി (2800 ), ചെങ്ങന്നൂർ നഗരസഭ (1700 ) എന്നീ നിലകളിലാണ് ഭൂരിപക്ഷം. ചെങ്ങന്നൂർ നഗരസഭയും ചെന്നിത്തല പഞ്ചായത്തും ഒഴികെ എല്ലായിടത്തും എൽ.ഡി.എഫ്. ആണ് ഭരിക്കുന്നത്. ബി.ജെ.പി. ശക്തികേന്ദ്രമായ തിരുവൻവണ്ടൂർ പഞ്ചായത്തിൽ 1300 വോട്ടുകൾ കൂടുതൽ ലഭിച്ചു.
ഒരു റൗണ്ടിൽ പോലും യു.ഡി.എഫ്. സ്ഥാനാർഥിക്ക് മുന്നിലെത്താനായില്ല. ചെങ്ങന്നൂർ എം.എൽ.എ.യായിരുന്ന സി.പി.എം. നേതാവ് അഡ്വ. കെ.കെ. രാമചന്ദ്രൻ നായരുടെ മരണത്തെത്തുടർന്ന് 2018-ൽ നടത്തിയ നിയമസഭാ ഉപതിരഞ്ഞെടുപ്പിലാണ് സജി ചെറിയാൻ ആദ്യമായി നിയമസഭയിലെത്തുന്നത്. 2006ലെ പൊതുതിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും അന്ന് അയ്യായിരത്തിലധികം വോട്ടുകൾക്ക് യു.ഡി.എഫിലെ പി.സി. വിഷ്ണുനാഥിനോടു പരാജയപ്പെട്ടിരുന്നു.
സി.പി.എം ജില്ലാ സെക്രട്ടറിയായിരിക്കെയാണ് 2018ൽ പാർട്ടി സജി ചെറിയാനെ ചെങ്ങന്നൂരിൽ ഭരണത്തുടർച്ച നേടാനായി ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്. ഈ പ്രവർത്തനമാണ് പിന്നീട് മണ്ഡലം റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കാൻ സജി ചെറിയാനെ സഹായിച്ചത്.