വാഷിങ്ടണ്‍: വാശിയേറിയ തെരഞ്ഞെടുപ്പിനൊടുവില്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഡൊണാള്‍ഡ് ട്രംപ് വിജയം കൊയ്‌തു. അമേരിക്കയുടെ 47ാമത് പ്രസിഡന്‍റായി ട്രംപ് ചുമതലയേല്‍ക്കുമ്പോള്‍ സ്വാഭാവികമായും ജനങ്ങളറിയാന്‍ ആഗ്രഹിക്കുന്ന നിരവധി കാര്യങ്ങളിലൊന്നാണ് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ശമ്പളം എത്രയെന്നത്. റിപ്പബ്ലിക്കായാലും ഡെമോക്രാറ്റായാലും പ്രസിഡന്‍റിന്‍റെ ശമ്പളക്കാര്യത്തില്‍ അനുഭാവപൂര്‍ണ്ണമായ ഒരു പരിഗണനയും സമീപനവും ലഭിക്കാത്ത രാജ്യമാണ് അമേരിക്കയെന്ന് പറയേണ്ടിവരും. കഴിഞ്ഞ 23 വര്‍ഷത്തിനിടെ ലോകത്ത് പല മാറ്റങ്ങളും ഉണ്ടായിട്ടും അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ശമ്പളം മാത്രം മാറിയിട്ടില്ല.
അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ക്ക് ലഭിക്കുന്ന വാര്‍ഷിക ശമ്പളം ഏതാണ്ട് 4 ലക്ഷം ഡോളര്‍ വരും. അതായത് ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ ഏതാണ്ട് 3.36 കോടി രൂപ. ഈ അടിസ്ഥാന ശമ്പളത്തിന് പുറമെ 50,000 അമേരിക്കന്‍ ഡോളര്‍ അഥവാ 42 ലക്ഷം രൂപ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക ചുമതലകള്‍ നിറവേറ്റുന്നതിനുള്ള ചെലവുകള്‍ക്കായി വേറേയും ലഭിക്കും. അതിഥി സത്‌ക്കാരം, മറ്റ് വിനോദ ചെലവുകള്‍ എന്നിവയടക്കം ഇതില്‍പ്പെടും.
കൗതുകകരം അമേരിക്കന്‍ രീതികള്‍: ഒരു പുതിയ പ്രസിഡന്‍റ് ചുമതലയേല്‍ക്കുമ്പോള്‍ ഒറ്റത്തവണയായി ഒരു ലക്ഷം അമേരിക്കന്‍ ഡോളര്‍ അതായത് 82 ലക്ഷം രൂപ പ്രാഥമിക ചെലവുകള്‍ക്കായി അനുവദിക്കും. ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസും ഓഫിസും മോടികൂട്ടുന്നതിനും പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമൊക്കെയാണ് ഈ തുക.
ശമ്പള വര്‍ധന: 1789ല്‍ അമേരിക്ക രൂപം കൊള്ളുമ്പോള്‍ പ്രസിഡന്‍റിന്‍റെ ശമ്പളം 25000 ഡോളറായിരുന്നു. അതില്‍പ്പിന്നെ വളരെ ചുരുക്കം തവണ മാത്രമാണ പ്രസിഡന്‍റിന്‍റെ ശമ്പള പരിഷ്‌കരണം നടന്നത്. 1873ല്‍ ഇത് 50,000 ഡോളറായി ഉയര്‍ത്തി. 1909ല്‍ പ്രസിഡന്‍റിന്‍റെ ശമ്പളം 75,000 ഡോളറാക്കി. 1949ല്‍ അത് ഒരു ലക്ഷം ഡോളറായി. 1969ല്‍ 2 ലക്ഷം ഡോളറായും 2001ല്‍ 4 ലക്ഷം ഡോളറായും ഉയര്‍ത്തി.
താരതമ്യം: ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന രാഷ്ട്രത്തലവന്‍ സിംഗപ്പൂര്‍ പ്രസിഡന്‍റാണ്. 1.61 ദശലക്ഷം ഡോളറാണ് സിംഗപ്പൂര്‍ പ്രസിഡന്‍റിന്‍റെ ശമ്പളം. ഏതാണ്ട് പ്രതി വര്‍ഷം 13.44 കോടി രൂപ. ഹോങ്കോങ്ങിലെ ചീഫ് എക്‌സിക്യൂട്ടീവാണ് രണ്ടാമത് ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്നയാള്‍. പ്രതിവര്‍ഷം 5.5 കോടിയാണ് ഹോങ്കോങ്ങിലെ ഭരണത്തലവന്‍റെ ശമ്പളം. ഇന്ത്യന്‍ രാഷ്ട്രപതിക്ക് പ്രതിവര്‍ഷം ലഭിക്കുന്നത് 60 ലക്ഷം രൂപ ശമ്പളമാണ്.
പ്രസിഡന്‍റിന് ലഭിക്കുന്ന സൗകര്യങ്ങള്‍: അമേരിക്കയുടെ പ്രഥമ പൗരന് ലഭിക്കുന്ന പരിഗണനകളും ആനുകൂല്യങ്ങളും നിരവധിയാണ്. ശമ്പളം ഒരു ഘടകം മാത്രം. പ്രസിഡന്‍റ് പദവിക്കൊപ്പം ആര്‍ഭാടമായ താമസം, മികച്ച സുരക്ഷ, മറ്റെങ്ങുമില്ലാത്ത യാത്ര സൗകര്യങ്ങള്‍ എന്നിവയൊക്കെ അമേരിക്കന്‍ പ്രസിഡന്‍റിനെ കാത്തിരിക്കുന്നു.
വൈറ്റ് ഹൗസ് എന്ന കൊട്ടാരം: വാഷിങ്ങ്ടണ്‍ ഡിസിയിലെ വൈറ്റ് ഹൗസാണ് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയും ഓഫിസും.18 ഏക്കറിലെ കൊട്ടാര സമാനമായ വൈറ്റ് ഹൗസിലാണ് പ്രസിഡന്‍റിന്‍റെ താമസം. അനവധി മുറികളും പൂന്തോട്ടങ്ങളും ഓഫിസുകളും അടങ്ങുന്നതാണ് വൈറ്റ് ഹൗസ്.
മേരി ലാന്‍ഡിലെ ക്യാമ്പ് ഡേവിഡ് കൂടി അമേരിക്കന്‍ പ്രസിഡന്‍റിന് സ്വന്തമാണ്. ഇവിടെ അവധിക്കാല വാസത്തിനും വിശിഷ്‌ട അതിഥികളെ സത്‌ക്കരിക്കാനുമാണ് സാധാരണ അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ എത്തുക.
വിനോദം: അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ വാര്‍ഷിക ബജറ്റില്‍ 19,000 ഡോളര്‍ വിനോദത്തിനായി നീക്കി വയ്‌ക്കാനുള്ളതാണ്. ഇത് വിശിഷ്‌ടാതിഥികള്‍ക്ക് സത്ക്കാരം ഒരുക്കുന്നതിനും നയതന്ത്ര കൂടിക്കാഴ്‌ചകളും ചടങ്ങുകളും സംഘടിപ്പിക്കുന്നതിനും അതിഥി സത്‌ക്കാരത്തിനും പാചകത്തിനുമുള്ള ജീവനക്കാരെ നിയമിക്കുന്നതിനുമൊക്കെയായി ഉപയോഗിക്കുന്നു. മാന്യമായ തുക നീക്കിവയ്‌ക്കുന്നത് വഴി പ്രസിഡന്‍റിനെയും അതിഥികളേയും നന്നായി പരിചരിക്കുന്നുവെന്ന് അമേരിക്ക ഉറപ്പുവരുത്തുന്നു.
അമേരിക്കന്‍ പ്രസിഡന്‍റിനും കുടുംബത്തിനും സൗജന്യ ചികിത്സ രാജ്യം വാഗ്‌ദാനം ചെയ്യുന്നുണ്ട്. പ്രസിഡന്‍റിന്‍റെ അടുത്ത ബന്ധുക്കള്‍ക്കും കൂടി സൗജന്യ ചികിത്സ ലഭിക്കും. ലോകത്തെ മുന്‍ നിര ഡോക്‌ടര്‍മാരുടെ സേവനമാണ് ഇവര്‍ക്ക് ലഭ്യമാകുക.
സുരക്ഷ- ഔദ്യോഗിക യാത്രകള്‍: ലോകത്തിലെ ഏറ്റവും പഴുതടച്ച സുരക്ഷ ലഭിക്കുന്ന രാഷ്ട്രത്തലവന്മാരിലൊരാളാണ് അമേരിക്കന്‍ പ്രസിഡന്‍റ്. സീക്രട്ട് സര്‍വീസ്, എഫ്‌ബിഐ, മറീനോസ് എന്നിവയിലെ വിദഗ്‌ധ പരിശീലനം ലഭിച്ച ഉദ്യാഗസ്ഥര്‍ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സുരക്ഷ കണ്ണിലെണ്ണയൊഴിച്ച് കാത്തു സൂക്ഷിക്കും. രാജ്യത്തിനകത്തായാലും പുറത്തായാലും ഇവര്‍ക്ക് തന്നെയാണ് പ്രസിഡന്‍റിന്‍റെ സുരക്ഷ ചുമതല.
രാജ്യാന്തര യാത്രകളില്‍ അമേരിക്കന്‍ പ്രസിഡന്‍റ് എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലാണ് പറക്കുക. പ്രസിഡന്‍റുമാരുടെ യാത്രകള്‍ക്ക് മാത്രമായി രൂപകല്‍പ്പന ചെയ്യപ്പെട്ട് പ്രത്യേക വിമാനമാണ് എയര്‍ഫോഴ്‌സ് വണ്‍. 4000 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള ഈ വിമാനത്തില്‍ ഓഫിസ് മീറ്റിങ് മുറികളും പ്രസിഡന്‍റിന്‍റെ സ്വകാര്യ കിടപ്പുമുറിയും ഉണ്ട്. അതിനൂതനമായ കമ്യൂണിക്കേഷന്‍സ് സംവിധാനങ്ങളും പ്രതിരോധ സംവിധാനങ്ങളുമുള്ളതാണ് എയര്‍ഫോഴ്‌സ് വണ്‍. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനമായി ഇത് അറിയപ്പെടുന്നു. നൂറ് പേരെ വരെ വഹിച്ച് യാത്ര ചെയ്യാന്‍ ഈ വിമാനത്തിന് സാധിക്കും.
ഇതിന് പുറമെ ബുള്ളറ്റ് പ്രൂഫ് മിസൈല്‍ വേധ സംവിധാനങ്ങളുള്ള ലിമോസിന്‍ കാറുകളും മറീന്‍ ഹെലികോപ്റ്ററുകളും അമേരിക്കന്‍ പ്രസിഡന്‍റുമാരുടെ യാത്രക്ക് ഉപയോഗിക്കാറുണ്ട്.
പെന്‍ഷനും മറ്റ് വിരമിക്കല്‍ ആനുകൂല്യങ്ങളും: മുന്‍ പ്രസിഡന്‍റുമാര്‍ക്കും അമേരിക്ക ശമ്പള ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. 1958 മുതല്‍ മുന്‍ പ്രസിഡന്‍റുമാര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. രണ്ട് ലക്ഷം അമേരിക്കന്‍ ഡോളറാണ് മുന്‍ പ്രസിഡന്‍റുമാരുടെ പെന്‍ഷന്‍. വിരമിക്കുന്ന പ്രസിഡന്‍റ് ജോ ബൈഡന് ഈ പെന്‍ഷന്‍ തുക ലഭിക്കും. ഇതിന് പുറമെ മുന്‍ പ്രസിഡന്‍റുമാര്‍ക്ക് യാത്ര അലവന്‍സും അവര്‍ ആഗ്രഹിക്കുന്നിടത്ത് ഓഫിസും നല്‍കും.
പദവി ഒഴിഞ്ഞ ശേഷം പല അമേരിക്കന്‍ പ്രസിഡന്‍റുമാരും പ്രഭാഷണങ്ങളിലൂടെയും പുസ്‌തക രചനയിലൂടെയുമെല്ലാം വന്‍ തുകകള്‍ സമ്പാദിക്കാറുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റുമാരുടെ ഓര്‍മ്മക്കുറിപ്പുകള്‍ ചൂടപ്പം പോലെ വിറ്റഴിയുന്നത് പതിവാണ്. പദവിയിലിരിക്കേ മരിച്ച റൂസ്വെല്‍റ്റും ജോണ്‍എഫ് കെന്നഡിയും ഒഴികെയുള്ളവരെല്ലാം ഇത്തരത്തില്‍ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതിയവരാണ്.