ആലപ്പുഴ: ഭാഷയുടെ വളർച്ചക്ക് ഭാഷയെ ചേർത്തുപിടിക്കണമെന്ന് ജില്ലാകലക്ടർ ഡോ. അദീല അബ്‌ദുല്ല. സാഹിത്യത്തിന് പുറമെ ശാസ്ത്രമേഖലയിലേക്കു കൂടി ഭാഷയെ കൂട്ടിച്ചേർക്കുമ്പോഴാണ് സമഗ്രമായ വളർച്ചയുണ്ടാവുക. സ്വന്തം ഭാഷകൊണ്ട് വിജയം കൈവരിച്ചവയാണ് ലോകത്തെ മികച്ച രാജ്യങ്ങളെന്നും കലക്ടർ ചൂണ്ടിക്കാട്ടി. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംസ്ഥാനസർക്കാരിന്‍റെ ആഭിമുഖ്യത്തിലുള്ള മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു കലക്ടർ.
ജില്ലയിലെ തലമുതിർന്ന സാംസ്‌കാരിക പ്രവർത്തകൻ ചുനക്കര ജനാർദനൻ നായരും എഴുത്തുകാരി കണിമോളും ചേർന്ന് സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ഭാഷയ്ക്കും സംസ്‌കാരത്തിനും നൽകിയ സംഭാവനകൾ മാനിച്ച് നാടക- ചലച്ചിത്രകാരൻ സ്റ്റാൻലി ജോസ്, മിമിക്രി- ചലച്ചിത്രകാരൻ ആലപ്പി അഷ്റഫ്, അധ്യാപകനും ഗ്രന്ഥകാരനുമായ വി.രാധാകൃഷ്ണൻ എന്നിവരെ ജില്ലാകലക്ടർ ഡോ.അദീല അബ്‌ദുല്ല ആദരിച്ചു. ജില്ല ഇൻഫർമാറ്റിക്സ് ഓഫീസർ പി പാർവ്വതീദേവി ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.