ആലപ്പുഴ: പക്ഷാഘാതം സംഭവിച്ച വൃദ്ധയെ ആശുപത്രിയിൽ എത്തിച്ചത് മുളയിൽ തുണികെട്ടി കിടത്തി. കുട്ടനാട് താലൂക്കിൽ നീലംപേരൂരിലെ പതിനഞ്ചിൽചിറയിൽ രത്നമ്മയെയാണ് (76) പക്ഷാഘാതം സംഭവിച്ചതിനെ തുടർന്ന് മക്കളും നാട്ടുകാരും ചേർന്ന് ഇത്തരത്തിൽ ആശുപത്രിയിൽ എത്തിച്ചത്. ആംബുലൻസ് ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ എത്താൻ കഴിയാത്തിടത്താണ് ഈ ദുരിതം.
നാൽപ്പതോളം വീട്ടുകാരാണ് ഈ പ്രദേശത്ത് ഇത്തരത്തിൽ നടപ്പാലമില്ലാതെ ദുരിതമനുഭവിക്കുന്നത്. പാടത്തിന് കുറുകെ ഒരാൾക്ക് കഷ്ടിച്ച് നടക്കാൻ കഴിയുന്ന തരത്തിൽ താൽക്കാലികമായി നിർമ്മിച്ച നടപ്പാലം മാത്രമാണ് ഇവിടെയുള്ളത്. വർഷങ്ങളായി ഒരു നടപ്പാലത്തിനുവേണ്ടി മാറിമാറിവരുന്ന അധികാരികളെ പോയി കണ്ടു സംസാരിക്കുന്നുണ്ടെങ്കിലും ആവശ്യമായ ഇടപെടൽ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്നും തെരഞ്ഞെടുപ്പ് കാലം വരുമ്പോൾ മാത്രമാണ് രാഷ്ട്രീയക്കാർ ഇവിടേക്ക് എത്തുന്നതെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
ALSO READ:ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകൾക്കുള്ള വാർഷിക പരീക്ഷ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
പാടശേഖരങ്ങൾക്കിടയിൽ ജീവിക്കുന്ന ഇവർക്ക് ആവശ്യമായ റോഡുകളും വഴികളും ഇല്ലാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നടക്കാൻ ഒരു നടപ്പാലമില്ലാത്തതിനാൽ ഇതുപോലുള്ള അത്യാഹിതങ്ങൾ സംഭവിച്ചാൽ പോലും വൈദ്യസഹായം എത്തിക്കാനും താമസം നേരിടുന്നു. ഇനിയെങ്കിലും അധികാരികൾ കണ്ണു തുറക്കണമെന്നും വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ദുരിതത്തിന് ഒരു പരിഹാരം കാണണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.