ആലപ്പുഴ: കർഷകർക്കുവേണ്ടി ആരംഭിച്ച കമ്മ്യൂണിറ്റി റേഡിയോ 'കുട്ടനാട് എഫ്.എം. 90.0' ആലപ്പുഴയിൽനിന്ന് പ്രക്ഷേപണം ആരംഭിച്ചു. കൃഷി മന്ത്രി അഡ്വ.വി.എസ്. സുനിൽകുമാർ ശ്രോതാക്കളോട് സംസാരിച്ചുകൊണ്ടായിരുന്നു റേഡിയോ ഉദ്ഘാടനം ചെയ്തത്. റേഡിയോയുടെ പ്രവർത്തന രീതികളെക്കുറിച്ചുള്ള ആദ്യ പരിപാടിയിൽ മന്ത്രിയും കൃഷി വകുപ്പ് ഡയറക്ടർ ഡോ.കെ.വാസുകിയും അവതാരകരായി.
ആലപ്പുഴ കളർകോടാണ് സ്റ്റേഷന് പ്രവർത്തിക്കുന്നത്. 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് പരിപാടികൾ ലഭ്യമാകും. കർഷകർക്കുള്ള അറിയിപ്പുകൾ, കൃഷി-മൃഗസംരക്ഷണം-ക്ഷീരവികസന അറിവുകൾ, നാടൻപാട്ടുകൾ, കൃഷി വിശേഷങ്ങൾ തുടങ്ങി വിവിധങ്ങളും വ്യത്യസ്തവുമായ പരിപാടികൾ ശ്രോതാക്കളിലെത്തും. 50 വാട്ട്സ് ആണ് പ്രസരണ ശേഷി. തുടക്കത്തിൽ രാവിലെ ഏഴു മുതൽ ഒമ്പതു വരെ രണ്ടുമണിക്കൂറാണ് പ്രക്ഷേപണം. വൈകാതെ പ്രക്ഷേപണ സമയം ദീർഘിപ്പിക്കും. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ശീർഷക ഗാനത്തോടെയാണ് എല്ലാ ദിവസവും പരിപാടികൾ ആരംഭിക്കുക.
ലൈവ് സ്റ്റുഡിയോയുടെയും റെക്കോഡിങ് സ്റ്റുഡിയോയുടെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഡോ. കെ. വാസുകി ആധ്യക്ഷത വഹിച്ചു. ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ജോർജ് സെബാസ്റ്റിൻ, കൃഷി അഡീഷണൽ ഡയറക്ടർമാർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന കൃഷി വകുപ്പിൻ്റെ കീഴിൽ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ കീഴിലാണ് റേഡിയോ പ്രവർത്തിക്കുക.