ആലപ്പുഴ: പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ ആലപ്പുഴ ജില്ല കലക്‌ടർ സ്ഥാനത്തുനിന്ന് ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ചുമതല ഒഴിയും. മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി സ്ഥാനത്തുള്ള ശ്രീറാം വെങ്കിട്ടരാമൻ കലക്‌ടർ ആകുന്നതിന് എതിരെ പ്രതിപക്ഷ സംഘടനകൾ പ്രത്യക്ഷ സമരമുഖത്ത് ഇറങ്ങിയിരുന്നു. ബഷീർ അനുസ്‌മരണ ദിനത്തിലാണ് ശ്രീറാം വെങ്കിട്ടരാമൻ ജില്ല കലക്‌ടറുടെ ചുമതല ഒഴിയുന്നതും.
അതേസമയം ആലപ്പുഴയുടെ 55-ാമത് ജില്ല കലക്‌ടറായി ഐഎഎസ് ഉദ്യോഗസ്ഥൻ വി.ആർ കൃഷ്‌ണതേജ ഇന്ന് (03.08.2022) ചുമതലയേൽക്കും. ആലപ്പുഴയിൽ ഏറെക്കാലം പ്രവർത്തിച്ച് പരിചയമുള്ളയാളാണ് വി.ആർ കൃഷ്‌ണ തേജ. മുൻപ് 2018-2019 കാലഘട്ടത്തിൽ ആലപ്പുഴ സബ് കലക്‌ടറായി പ്രവര്‍ത്തിച്ചിരുന്നു.
ഇരു പ്രളയകാലത്തും ആലപ്പുഴയിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപിച്ച് ശ്രദ്ധനേടിയ ഉദ്യോഗസ്ഥനുമാണ് കൃഷ്‌ണതേജ. പിന്നീട് കെ.ടി.ഡി.സി മാനേജിംഗ് ഡയറക്‌ടര്‍, വിനോദ സഞ്ചാര വകുപ്പ് ഡയറക്‌ടർ എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷം പിന്നാക്ക വികസന വകുപ്പ് ഡയറക്‌ടർ എന്ന നിലയിൽ ചുമതല ഏൽക്കാൻ ഇരിക്കെയാണ് കൃഷ്‌ണതേജയെ ആലപ്പുഴ കലക്‌ടറായി നിയമിച്ചത്. ആദ്യമായാണ് കലക്‌ടർ എന്ന നിലയിൽ തേജയ്ക്ക് ചുമതല ലഭിക്കുന്നത്.
റാമോജി ഗ്രൂപ്പ് ആലപ്പുഴയിലെ പ്രളയാബാധിത പ്രദേശങ്ങളിൽ നിർമ്മിച്ചു നൽകിയ വീടുകളുടെ നിർമ്മാണത്തിനും മറ്റുമായി ചുക്കാൻ പിടിച്ചത് കൃഷ്‌ണതേജ ആയിരുന്നു.