ആലപ്പുഴ: കോൺഗ്രസിലേത് ഗ്രൂപ്പല്ലെന്നും ആഭ്യന്തര ജനാധിപത്യമാണെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി പുനഃസംഘടനക്ക് ശേഷം പാർട്ടിയിൽ ഗ്രൂപ്പ് അതിപ്രസരമില്ല. എല്ലാവർക്കും അവസരങ്ങൾ നൽകിയിട്ടുണ്ട്. കെ.മുരളീധരനോട് മറുപടി പറയുന്നില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
രാഷ്ട്രീയകാര്യ സമിതി യോഗം മാത്രമാണ് മാറ്റിയിട്ടുള്ളത്. ആഭ്യന്തര ജനാധിപത്യം ഉയർത്തിപ്പിടിക്കുന്ന ആളാണ് താൻ. തന്‍റെ താൽപര്യം പാർട്ടിയുടെ താൽപര്യം മാത്രമാണ്. മറ്റൊരു വ്യക്തി താൽപര്യവും തനിക്കില്ല. 25ന് ഐക്യ ജനാധിപത്യ മുന്നണി തിരുവനന്തപുരത്ത് നിർണായക യോഗം ചേരും. കുട്ടനാട് ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയമാണ് മുഖ്യ ചർച്ച. കുട്ടനാട്ടിൽ മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം മുന്നണിയാണ് എടുക്കേണ്ടത്. ഘടകകക്ഷികൾ തമ്മിലുള്ള തർക്കങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് സിപിഎം ഉൾപ്പെടെയുള്ള ഇടതുപക്ഷപാർട്ടികൾ സ്വീകരിക്കുന്നത്. ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും സംഘപരിവാറിന്‍റെ വർഗീയ അജണ്ടകൾക്കെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങൾക്ക് തുടർന്നും കോൺഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.