ആലപ്പുഴ: മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭരണം കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍ കേരളത്തില്‍ വർഗീയ ധ്രുവീകരണമുണ്ടാക്കി അധികാരത്തിലെത്താനാണ് ലീഗ് ശ്രമിക്കുന്നത്. സങ്കുചിതമായ രാഷ്ട്രീയമാണ് മുസ്‌ലിം ലീഗിനെ നയിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
മുസ്‌ലിം സംഘടനകൾ ആരും തന്നെ ഇപ്പോൾ ലീഗിനൊപ്പമില്ല. ലീഗിന്‍റെ നിലപാടുകൾ മുസ്‌ലിം മത സംഘടനകൾ പോലും അംഗീകരിക്കില്ല. മുസ്‌ലിം പള്ളികളിൽ സർക്കാർ വിരുദ്ധ പ്രചാരണം നടത്തണമെന്ന് പറഞ്ഞപ്പോൾ വിസമ്മതിച്ചതിനാലാണ്, ലീഗ് സുന്നി സംഘടനകൾക്കെതിരെ കോലാഹലം സൃഷ്ടിക്കുകയും ജിഫ്രി മുത്തുക്കോയ തങ്ങളെ വധിക്കുമെന്ന ആക്രോശം നടത്തുകയും ചെയ്തത്.
ഇതൊക്കെ ശക്തമായി ചെറുത്തുതോൽപ്പിക്കപ്പെടേണ്ടതുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
താലിബാന്‍റെ മുദ്രാവാക്യം മുസ്‌ലിം ലീഗ് ഏറ്റെടുത്തിരിക്കുകയാണ്. മതമാണ് പ്രശ്നമെന്ന് കോഴിക്കോട് കടപ്പുറത്ത് നടന്ന ലീഗിന്‍റെ സമ്മേളനത്തിൽ ലീഗ് പരസ്യമായി പ്രഖ്യാപിച്ചു.
also read: രഞ്ജിത്ത് ശ്രീനിവാസ് കൊലക്കേസ്; ഒരു എസ്‌ഡിപിഐ പ്രവർത്തകൻ കൂടി അറസ്റ്റിൽ
ആദ്യമായാണ് ലീഗ് ഇത്തരത്തിൽ പരസ്യമായ പ്രസ്താവനകൾ നടത്തുന്നത്. ഇത് എസ്‌ഡിപിഐയെ സഹായിക്കാനാണ്. ലീഗിന്‍റെ ഇത്തരം വർഗീയ പ്രസ്താവനകളാണ് എസ്‌ഡിപിഐക്ക് ഊർജ്ജം പകരുന്നത്.
എസ്‌ഡിപിഐ ആക്രമണങ്ങൾ നടത്താനാണ് ആർഎസ്എസ് കാത്തിരിക്കുന്നത്. ഇത്തരത്തിൽ ആക്രമണങ്ങൾ നടത്തിയാൽ മാത്രമേ ആർഎസ്എസിന് മുസ്‌ലിം വേട്ട നടത്തുവാൻ കഴിയൂ എന്നും കോടിയേരി കുറ്റപ്പെടുത്തി.