ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയായിരുന്ന കെകെ മഹേശന്‍റെ ആത്മഹത്യ കേസില്‍ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്‍റെ സാധ്യതകളില്‍ ജില്ലാ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് വാദം കേള്‍ക്കും. മഹേശിന്‍റെ ഭാര്യ പി. ഉഷാദേവിയുടെ ഹര്‍ജിയിലാണ് കോടതി വാദം കേള്‍ക്കുന്നത്.
അസ്വാഭാവിക മരണത്തിന് നേരത്തെ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നും കേസിലെ ആത്മഹത്യ പ്രേരണ കുറ്റം, ഗൂഢാലോചന എന്നിവ അന്വേഷിക്കണമെന്നും ഉഷാദേവി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഈ വകുപ്പുകള്‍ ചേര്‍ത്ത് കേസന്വേഷണം നടത്താന്‍ കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് രജനി തങ്കപ്പന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ കേസില്‍ ഒരു എഫ്‌ഐആര്‍ നിലവിലുണ്ടെന്നും ഐജിയുടെ നേതൃത്വത്തില്‍ കേസില്‍ അന്വേഷണം നടക്കുകയാണെന്നും വീണ്ടും ഒരു എഫ്‌ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്യുന്നതില്‍ സാങ്കേതിക തടസമുണ്ടെന്നും മാരാരിക്കുളം പൊലീസ് കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വാദി ഭാഗം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും എന്നാൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യമെന്നും വാദി ഭാഗം അഭിഭാഷകൻ സിഡി അനിൽ പറഞ്ഞു. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതില്‍ തടസമില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.