ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി വായ്പ) ദേശസാല്‍കൃത ബാങ്കുകള്‍ മനപ്പൂര്‍വ്വം തടസപ്പെടുത്തുതായി മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന കമ്മിറ്റി യോഗം. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ അപേക്ഷ നല്‍കി വായ്പയ്ക്കായി ബാങ്കുകളെ സമീപിക്കുമ്പോള്‍ തികച്ചും നിഷേധാത്മകയായ സമീപനമാണ് ബാങ്ക് അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി നടപ്പിലാക്കുവാന്‍ കേന്ദ്ര ഗവമെന്‍റ് ബാങ്കുകള്‍ക്ക് കര്‍ശനമായ നിര്‍ദേശം കൊടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.ആര്‍. കറുപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ഒക്ടോബര്‍ 16-ാം തിയതി രാവിലെ 11 മണി മുതല്‍ 12 മണി വരെ സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ ദേശസാല്‍കൃത ബാങ്കുകള്‍ക്ക് മുന്നിലും കൊവിഡ് മാനദണ്ഡം പാലിച്ച് അഞ്ച് പേര്‍ വീതം സത്യാഗ്രഹം നടത്തുവാന്‍ തീരുമാനിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ചിത്തരഞ്ജന്‍ പ്രസ്താവനയില്‍ അറിയിച്ചു.