ആലപ്പുഴ: കിഫ്‌ബി വഴി സംസ്ഥാനത്തു നടപ്പാക്കുന്ന പദ്ധതികളുടെ പ്രചാരണത്തിനും ബോധവൽക്കരണത്തിനുമായി ഇഎംഎസ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കേരള നിർമിതി പ്രദർശനം ജനത്തിരക്ക് കൊണ്ടു ശ്രദ്ധേയമാകുന്നു. പ്രദർശനത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാനത്തുടനീളം കിഫ്‌ബി വഴി നിർമ്മിക്കുന്ന പ്രധാന പദ്ധതികളുടെ ത്രിമാന രൂപങ്ങളാണ് പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുള്ളത്. ജില്ലയിലെ പ്രധാന പദ്ധതികളായ ജില്ലാ കോടതി പാലം, കായംകുളം സിനിമാ തീയേറ്റർ സമുച്ചയം, തുറവൂർ താലൂക് ആശുപത്രി, പെരുമ്പളം പാലം, ആലപ്പുഴ നഗരത്തിലെ കനാൽ നവീകരണം, ആലപ്പുഴ മൊബിലിറ്റി ഹബ് തുടങ്ങിയവയുടെയും സംസ്ഥാനത്തെ പ്രധാന പദ്ധതികളായ വൈറ്റില, കുണ്ടന്നൂർ ഫ്ലൈ ഓവറുകൾ, കുതിരാൻ തുരങ്കം, വയനാട് ഇൻഡോർ സ്റ്റേഡിയം തുടങ്ങിയവയുടെയും ത്രിമാന മാതൃകകൾ ജനശ്രദ്ധ ആകർഷിച്ചു. ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി, നിർമ്മാണത്തിനാവശ്യമായ തുക, വിസ്തൃതി, പദ്ധതി സംബന്ധിച്ച വിവരങ്ങൾ എന്നിവ വിശദീകരിച്ചുള്ള ബോർഡുകളും ഓരോ മാതൃകക്കുമൊപ്പം സ്ഥാപിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങളും ചിത്രങ്ങളും ലഭിക്കുന്നതിനായി ക്യുആർ കോഡുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. ഓരോ പദ്ധതിയെക്കുറിച്ചും വിവരിക്കുന്നതിനായി പ്രത്യേകം നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് പുറമെയാണിത്.
പ്രദർശനം കാണാനെത്തിയവർക്കായി സംശയ നിവാരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രദർശനം തുടങ്ങിയ ആദ്യം ദിനം തന്നെ നൂറുകണക്കിന് ആളുകളാണ് ഇഎംഎസ് സ്റ്റേഡിയത്തിൽ എത്തിയത്. കിഫ്ബിക്കു കീഴിലെ നിർമാണ ജോലികളുടെ ഗുണനിലവാരം സാങ്കേതികമായി പരിശോധിക്കാനും വിലയിരുത്താനും ഉപയോഗിക്കുന്ന കിഫ്ബി ഓട്ടോ ലാബ് വാൻ പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്. കിഫ്‌ബി സംസ്ഥാനമൊട്ടാകെ കൊണ്ടുവന്ന പദ്ധതികള്‍ പ്രദർശിപ്പിക്കുന്ന കേരള ത്രീഡി മോഡലും പ്രദർശനത്തിലെ മറ്റൊരു ആകർഷണമായി.