ആലപ്പുഴ: സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾ അനുദിനം വർധിച്ചുവരുന്നതായാണ് കണക്കുകൾ പറയുന്നത്. കേരളത്തില്‍ സ്ത്രീകൾക്ക് എതിരായ നീതിരഹിതമായ നടപടികളെ കുറിച്ച് അന്വേഷിക്കാനും സ്ത്രീകൾക്ക് ഭയരഹിതമായി പരാതിപ്പെടാനുമുള്ള ഇടമാണ് വനിത കമ്മിഷൻ. കൃത്യമായ ഇടവേളകളില്‍ ജില്ല കേന്ദ്രങ്ങളില്‍ സിറ്റിങുകൾ നടത്തി വനിത കമ്മിഷൻ സ്ത്രീകളുടെ പരാതികൾ കേൾക്കാറുമുണ്ട്.
ആലപ്പുഴ കലക്‌ടറേറ്റില്‍ കഴിഞ്ഞ ദിവസം നടന്ന സിറ്റിങില്‍ വിവാഹിതയായ യുവതിയുടെ പരാതി കേട്ട വനിത കമ്മിഷൻ അംഗങ്ങൾ ഒന്നടങ്കം പറഞ്ഞു. 'പ്രണയത്തിന്‍റെ പേരില്‍ പെൺകുട്ടികൾ കബളിപ്പിക്കപ്പെടുന്നുണ്ട്, ഇക്കാര്യത്തില്‍ കൗമാരക്കാർക്കും രക്ഷിതാക്കൾക്കും കൂടുതല്‍ ബോധവത്‌കരണം ആവശ്യമാണ്'... ഇങ്ങനെ പറയാൻ കാരണമായ പരാതി ഇതാണ്.. " പ്രണയിച്ച ശേഷം വീട്ടുകാരുടെ അറിവോടും സമ്മതത്തോടും വിവാഹിതയായ യുവതിയെ കബളിപ്പിച്ച് ഭര്‍ത്താവ് വിദേശത്തു ജോലി ചെയ്‌ത് മറ്റൊരു യുവതിക്കൊപ്പം ജീവിക്കുന്നു"...
പരാതി ഇങ്ങനെ: പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ആരംഭിച്ച പ്രണയം യുവതി ബിടെക്കിനു പഠിക്കുമ്പോള്‍ വിവാഹത്തിലെത്തി. എന്നാല്‍, വിവാഹ ശേഷം യുവതിയെ പഠിപ്പിക്കാന്‍ ഭര്‍ത്താവ് സന്നദ്ധനായില്ലെന്നും വിവാഹ സമ്മാനങ്ങളും 30 പവന്‍ സ്വര്‍ണാഭരണങ്ങളും യുവതിയില്‍ നിന്നും ഭര്‍ത്തുവീട്ടുകാര്‍ കൈവശപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. വിവാഹ ശേഷം വിദേശത്തേക്ക് പോയ ഭർത്താവ് യുവതിയുമായി അകല്‍ച്ച പാലിച്ചു. ഫോണ്‍ വിളിക്കുന്നതും കുറഞ്ഞു.
ഭര്‍തൃമാതാവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ശാരീരിക പീഡനങ്ങളുണ്ടായെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഏതാനം ദിവസം മുന്‍പ് ഭര്‍ത്താവിന് വേറെ ഭാര്യയും കുട്ടിയും ഉണ്ടെന്ന് യുവതിക്ക് മൊബൈലില്‍ ചിത്രങ്ങള്‍ ലഭിച്ചു. ഭര്‍ത്താവും ഭർതൃമാതാവും എതിര്‍കക്ഷികളായാണ് കമ്മിഷനു മുന്‍പില്‍ പരാതി ലഭിച്ചത്. മകന്‍ വിവാഹം കഴിച്ചോ എന്നറിയില്ലെന്നും ഒരു യുവതിയും കുട്ടിയും വീട്ടിലുണ്ടെന്നും ഭര്‍തൃമാതാവ് പറഞ്ഞു.
പരാതി മുഴുവൻ കേട്ടശേഷമാണ് വിവാഹത്തിന് മുൻപും ശേഷവും കൗമാരക്കാർക്കും രക്ഷിതാക്കൾക്കും കൂടുതല്‍ ബോധവത്‌കരണം ആവശ്യമാണെന്ന നിലപാടിലേക്ക് വനിത കമ്മിഷൻ അംഗങ്ങൾ എത്തിയത്. പരസ്പര ബഹുമാനത്തോടും സ്‌നേഹത്തോടും കഴിയേണ്ട ഭാര്യയും ഭര്‍ത്താവും വിശ്വാസ വഞ്ചന ചെയ്യുന്നത് തെറ്റാണെന്നും വനിത കമ്മിഷൻ സിറ്റിങില്‍ വ്യക്തമാക്കി.
അവസാനമില്ലാതെ പരാതികൾ: പ്രായമായ അമ്മയെ നോക്കുന്നില്ലെന്ന പരാതിയില്‍ മകനെ കമ്മിഷന്‍ വിളിച്ചു വരുത്തി. അമ്മ നല്‍കിയ സ്വത്തുക്കള്‍ തിരിച്ചുനല്‍കാന്‍ തയാറാണെന്നും അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാമെന്നുമുള്ള ഉറപ്പില്‍ ഈ കേസ് തീര്‍പ്പായി. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നങ്ങള്‍, വസ്തു തര്‍ക്കം, വിവാഹേതര ബന്ധങ്ങള്‍, സ്വത്ത് തര്‍ക്കം സംബന്ധിച്ച പരാതികളായിരുന്നു പരിഗണനയ്ക്കു വന്നതില്‍ അധികവും.
സിറ്റിങ്ങില്‍ 82 പരാതികള്‍ പരിഗണിച്ചു. 15 കേസുകള്‍ തീര്‍പ്പാക്കുകയും 10 എണ്ണത്തില്‍ പൊലീസിനോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. രണ്ട് പരാതികള്‍ ജാഗ്രത സമിതിക്ക് കൈമാറി. ബാക്കി 55 കേസുകള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കുന്നതിനായി മാറ്റി. അഡ്വ. ജീനു എബ്രഹാം, അഡ്വ. രേഷ്മ ദിലീപ്, അഡ്വ. മിനീസ എന്നിവര്‍ സിറ്റിങില്‍ പങ്കെടുത്തു.
വേണം കൂടുതല്‍ കൗൺസിലിങ്: വിവാഹപൂര്‍വ കൗണ്‍സിലിങ് ഉള്‍പ്പെടെ വനിത കമ്മിഷന്‍ നിരവധി ബോധവത്ക്കരണ പരിപാടികള്‍ നടത്തി വരുന്നുണ്ട്. കോളജുകളിലും സ്‌കൂളുകളിലും ബോധവത്ക്കരണ പരിപാടികള്‍ വനിത കമ്മിഷന്‍ നടത്തുന്നുണ്ട്. എങ്കിലും ഇനിയും ബോധവത്ക്കരണ പരിപാടികള്‍ ശക്തമാക്കേണ്ടതുണ്ട്. കൗമാരക്കാര്‍ക്കിടയില്‍ പ്രത്യേകിച്ച് വിദ്യാര്‍ഥികളുടെ ഇടയില്‍ മാധ്യമങ്ങളും കൂടുതല്‍ ബോധവല്‍ക്കരണം നടത്തണമെന്നും വനിത കമ്മിഷന്‍ അംഗങ്ങൾ പറഞ്ഞു.