ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണം കൊട്ടിത്തിമിർത്താണ് മുന്നണികൾ ആഘോഷാമാക്കിയത്. വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് ഞായറാഴ്ച വൈകിട്ട് ആറിന് പരസ്യപ്രചാരണത്തിന് അവസാനമായത്. നഗരസഭകളിൽ തുടരുന്ന യുഡിഎഫ് മേൽക്കൈയും ഗ്രാമ - ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകളിലെ ഇടതുമുന്നണിയുടെ ആധിപത്യവും തകർക്കുമെന്ന് ഇരുമുന്നണികളും വാദങ്ങൾ ഉന്നയിക്കുമ്പോൾ ജില്ലയിൽ പുതിയൊരു മുന്നേറ്റത്തിനാണ് എൻഡിഎ ശ്രമിക്കുന്നത്. മൂന്ന് മുന്നണിയുടെയും കക്ഷികളെ കൂടാതെ ചെറു പാർട്ടികളായ എസ്‌ഡിപിഐ, പിഡിപി, വെൽഫെയർ പാർട്ടി, ബിഎസ്‌പി എന്നിവയും ചിലയിടങ്ങളിൽ മത്സരരംഗത്തുണ്ട്. കൊവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാനാർഥികളും പ്രവർത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേർന്നുള്ള അവസാന നിമിഷത്തെ കൊട്ടിക്കലാശം ഒഴിവാക്കണമെന്ന നിർദേശം ജില്ലാ ഭരണകൂടം നൽകിയിരുന്നെങ്കിലും പലയിടത്തും ഇത് നടപ്പായില്ല.
റോഡ് ഷോകളും പ്രചാരണ റാലികളുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രധാന മുന്നണികളും സ്വതന്ത്ര സ്ഥാനാർഥികളും സജീവമായിരുന്നു. പ്രചാരണ വാഹനങ്ങളുടെ അകമ്പടിയോടെ ചിഹ്നങ്ങളുടെ ചെറുരൂപങ്ങളും ഒരുക്കിയാണ് പലയിടത്തും വാഹനറാലികൾ സംഘടിപ്പിച്ചത്. സ്ഥാനാർഥിയുടെ ചിത്രങ്ങൾ ആലേഖനം ചെയ്‌ത മാസ്‌കുകളും പ്ലക്കാർഡുകളും പ്രചാരണ സാമഗ്രികളുമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ രാഷ്‌ട്രീയ പ്രവർത്തകർ റോഡ് ഷോകൾ സംഘടിപ്പിച്ചിരുന്നു. പ്രചാരണത്തിൽ തങ്ങൾക്കാണ് മേൽകൈ എന്നുതെളിയിക്കുന്ന തരത്തിലാണ് പ്രധാന മുന്നണി സ്ഥാനാർഥികൾ പ്രചാരണത്തിന് മുന്നിൽ നിന്നത്. ഒപ്പം വിജയത്തെ തീരുമാനിക്കുന്ന തരത്തിൽ പോലും വെല്ലുവിളി ഉയർത്തി വിമത സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. ഇനി നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകളാണ്.
തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ 1,565 എൽഡിഎഫ് സ്ഥാനാർഥികളാണ് ജില്ലയിൽ അണിനിരക്കുന്നത്. സൗഹൃദ മത്സരം ഉൾപ്പടെ നടക്കുന്ന ചില വാർഡുകളിലായി 1,560 സ്ഥാനാർഥികൾ യുഡിഎഫ് ടിക്കറ്റിലും മുന്നണി പിന്തുണയോടെയും മത്സരരംഗത്തുണ്ട്. ഡിസംബർ എട്ടാം തീയതിയാണ് ആലപ്പുഴ ഉൾപ്പടെയുള്ള അഞ്ച് ജില്ലകളിൽ വോട്ടെടുപ്പ് നടക്കുന്നത്. അവസാന ദിവസത്തെ അടിയൊഴുക്കുകളിൽ നിന്ന് തങ്ങളുടെ വോട്ട് ചോരാതെ നോക്കാനുള്ള കിണഞ്ഞ പരിശ്രമത്തിൽ കണക്കുകൂട്ടലുകളോടെയുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും.