ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്‍റെ ഉദ്‌ഘാടനത്തിൽ നിന്നും ജനപ്രതിനിധികളെ ഒഴിവാക്കിയ നടപടി എല്ലാ കീഴ്‌വഴക്കങ്ങളെയും ജനാധിപത്യ മര്യാദകളെയും കാറ്റിൽ പറത്തുന്നതാണെന്ന് കെ സി വേണുഗോപാൽ എംപി. ബൈപാസ് നിർമ്മാണം സാക്ഷാത്കരിക്കാനും പൂർത്തീകരിക്കാനും താൻ നടത്തിയ ഇടപെടലുകൾ ആലപ്പുഴയിലെ ജനങ്ങൾക്കറിയാം. ദേശീയ പാത വികസനം ഉൾപ്പെടുന്ന ഉപരിതല മന്ത്രാലയത്തിന്‍റെ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കൂടിയായ തന്‍റെ ഇക്കാലം വരെയുള്ള ഇടപെടലുകൾ പൊതുമരാമത്തു വകുപ്പിന്‍റെ ഫയലുകൾ പരിശോധിച്ചാൽ മനസിലാവും. അത് പരിശോധിച്ചിട്ട് താനുൾപ്പെടുന്ന ജനപ്രതിനിധികൾക്ക് ഒരു പങ്കുമില്ലെന്ന് പറഞ്ഞാൽ പരസ്യ സംവാദത്തിന് തയ്യാറാണെന്നും വേണുഗോപാൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ വ്യക്തിപരമായ ആക്ഷേപങ്ങൾക്കോ അവകാശവാദങ്ങൾക്കോ താനില്ലെന്നും എന്നാൽ ഈ വിഷയത്തെ ആദർശപരമായി തന്നെ അഭിമുഖീകരിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.
പ്രധാനമന്ത്രി പോലും പങ്കെടുക്കാത്ത കേന്ദ്ര മന്ത്രി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുന്ന പരിപാടിക്ക് ജനപ്രതിനിധികളെ ക്ഷണിക്കാത്തത് ജനാധിപത്യ സംവിധാനത്തിന് തന്നെ അവമതിപ്പുണ്ടാക്കുന്നതാണ്. ജനപ്രതിനിധികളെ ഒഴിവാക്കണമെന്ന നിർദേശം ആരു നൽകിയെന്നുള്ളതിനുള്ള ഉത്തരം കേന്ദ്ര സർക്കാരിൽ നിന്ന് തന്നെ തേടുമെന്നും കെ സി വേണുഗോപാൽ എംപി പറഞ്ഞു