ആലപ്പുഴ : കൊവിഡിനൊപ്പം സുരക്ഷിത ജീവിതം എന്ന ലക്ഷ്യത്തോടെ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതിന്‍റെ പ്രാധാന്യവും സ്വയം സുരക്ഷിതരാകാനുള്ള ബോധവത്കരണത്തിനുമായി 'കരുതാം ആലപ്പുഴയെ' എന്ന കൊവിഡ് പ്രതിരോധ തീവ്രയജ്ഞ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. ജില്ല ഭരണകൂടത്തിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുുകളെ ഏകോപിപ്പിച്ചാണ് ഒക്ടോബര്‍ ഒന്നുമുതല്‍ ഒരു മാസം നീളുന്ന പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. ക്യാമ്പയിനിന്‍റെ ഭാഗമായി പൊതുജനങ്ങളുടെ പങ്കാളിത്തം സോഷ്യല്‍ മീഡിയയിലൂടെ ഉറപ്പാക്കാന്‍ 'കരുതാം ആലപ്പുഴയെ' എന്ന ഫേസ് ബുക്ക് പേജും തയ്യാറാക്കിയിട്ടുണ്ട്. (https://www.facebook.com/karuthamalappuzhaye)
"കരുതാം ആലപ്പുഴയെ";കൊവിഡ് പ്രതിരോധ തീവ്രയജ്ഞത്തിന് ജില്ലയിൽ തുടക്കമായി വിവിധ ജനവിഭാഗങ്ങളിലേക്ക് മാസ്ക്, സാനിറ്റൈസര്‍, കൈകഴുകല്‍, സാമൂഹിക അകലം ഉറപ്പിക്കല്‍ എന്നിവ കൂടുതല്‍ ജാഗ്രതയോടെ എത്തിക്കുന്നതിനും വയോജനങ്ങള്‍, കിടപ്പുരോഗികള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സതേടുന്നവര്‍ തുടങ്ങിയവരെ കരുതലോടെ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ളതാണ് കരുതാം ആലപ്പുഴയെ എന്ന തീവ്ര പ്രചാരണ പരിപാടി. കൂടുതല്‍ ജാഗ്രത സൃഷ്ടിക്കുന്നതിന് സ്ക്വാഡുകള്‍ രൂപവത്കരിച്ച് മാസ്ക്, സാനിട്ടൈസര്‍, സാമൂഹിക അകലം ഉറപ്പാക്കല്‍ എന്നിവ നിര്‍ബന്ധമാക്കുന്നതിന് നടപടിയെടുക്കും. ദുരന്തനിയന്ത്രണ നിയമപ്രകാരം രൂപീകരിക്കുന്ന സ്ക്വാഡിന് കടകളും മാര്‍ക്കറ്റുകളും പരിശോധിച്ച് പിഴയീടാക്കാനധികാരമുണ്ടായിരിക്കും. സ്ക്വാഡിന്‍റെ ചുമതലയുള്ള ഗസറ്റഡ് ഓഫീസറിനു പുറമെ പൊലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ക്വാഡില്‍ അംഗങ്ങളായിരിക്കും. കടകള്‍ക്കും മാര്‍ക്കറ്റുകള്‍ക്കും പുറമെ സ്വകാര്യവ്യക്തികളുടെ ചടങ്ങുകള്‍ അടക്കമുള്ളവ പരിശോധിക്കാനും മറ്റു കൊവിഡ് മാനദണ്ഡ ലംഘനങ്ങള്‍ക്ക് പിഴ ചുമത്താനും ഇവര്‍ക്ക് അധികാരമുണ്ടായിരിക്കും. ഇതിനെ എകോപിപ്പിക്കാന്‍ ഡിവൈഎസ്‌പി യുടെ നേതൃത്വത്തില്‍ ജില്ലാതല കണ്‍ട്രോള്‍ റൂം ഉണ്ടായിരിക്കും. വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതികളെ ശാക്തീകരിക്കും. 20 വീടുകള്‍ക്ക് ഒരു വോളണ്ടിയര്‍ എന്ന നിലയില്‍ ജില്ലയിലെ എല്ലാ വാര്‍ഡുകളിലും വോളണ്ടിയര്‍മാരെ നിയമിച്ച് ചുമതല നല്‍കും. പ്രവര്‍ത്തനങ്ങളുടെ ഏകോപനം സബ് കലക്ടറുടെ നേതൃത്വത്തിലുള്ള വോളണ്ടിയര്‍മാരടങ്ങുന്ന സ്‌റ്റാര്‍ പദ്ധതി വഴി നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടർ എ അലക്‌സാണ്ടർ അറിയിച്ചു.