ആലപ്പുഴ: സാമൂഹ്യക്ഷേമത്തിനും സുരക്ഷക്കും ഊന്നൽ നൽകുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്രസർക്കാർ കേരളത്തോട് അവഗണന തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന സമ്പദ്ഘടനയെ വികസിപ്പിക്കാനുള്ള ദീർഘവീക്ഷണമുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അവതരിപ്പിക്കാൻ കഴിയുന്ന മികച്ച ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ബജറ്റ് കൊണ്ടുമാത്രം വലിയ പദ്ധതികൾ പൂർത്തീകരിക്കാനാവില്ല. അതുകൊണ്ടാണ് ബജറ്റിൽ ചില കാര്യങ്ങൾ ഇത്തവണയും ആവർത്തിച്ചതെന്നും കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള ധനസഹായങ്ങൾ വർധിപ്പിച്ചത് സ്വാഗതാർഹമാണ്. പാവപ്പെട്ടവരുടെ വിഷമം മനസിലാക്കി, കൂടെ നിൽക്കുന്ന സർക്കാരാണിത് എന്നതിന്റെ തെളിവാണ് ഇത്. ഒട്ടേറെ വികസന പദ്ധതികളും സഹായങ്ങളും ബജറ്റിൽ ഉൾപ്പെടുത്തിയെന്നത് ബജറ്റിനെ കൂടുതൽ ജനകീയമാക്കിയെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.