ആലപ്പുഴ : കഥകളിക്കിടെ യുവകലാകാരന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. കഥകളി നടന്‍ ആര്‍ എല്‍ വി രഘുനാഥ് മഹിപാലാണ് മരിച്ചത്. 25 വയസായിരുന്നു. ഇന്നലെ (ഓഗസ്റ്റ് 06) രാത്രിയില്‍ ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി മഹാക്ഷേത്രത്തിലായിരുന്നു സംഭവം.
ഗുരുദക്ഷിണ കഥയിലെ വസുദേവരുടെ വേഷം അരങ്ങില്‍ അവതരിപ്പിക്കുന്നതിനിടെ രഘുനാഥ് ദേഹാസ്വാസ്ഥ്യം മൂലം വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ഉടന്‍ തന്നെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
എറണാകുളം കാഞ്ഞിരമുറ്റം കൊല്ലാനിരപ്പേല്‍ മഹിപാലിന്‍റെയും രതിയുടെയും മകനാണ്. ആര്‍എല്‍വി കോളജിലെ വിദ്യാര്‍ഥിയായിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
സ്റ്റേജില്‍ കുഴഞ്ഞ് വീണ് ഭരതനാട്യം കലാകാരന്‍ : സ്റ്റേജില്‍ ഭരതനാട്യം കളിക്കവേ കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. 2022 മാര്‍ച്ചിലായിരുന്നു സംഭവം. മകൾക്കും വിദ്യാര്‍ഥികള്‍ക്കുമൊപ്പം വേദിയില്‍ ഭരതനാട്യം അവതരിപ്പിക്കുന്നതിനിടെ കാളിദാസ് എന്ന ഭരതനാട്യം അധ്യാപകനാണ് കുഴഞ്ഞ് വീണ് മരിച്ചത്.
മധുരൈ വണ്ടിയൂര്‍ മാരിയമ്മൻ ക്ഷേത്രത്തിലെ പാങ്കുനി ഉതിര ഉത്സവത്തോടനുബന്ധിച്ച പരിപാടിക്കിടെ ആയിരുന്നു സംഭവം.
Read More : video: സ്റ്റേജില്‍ കുഴഞ്ഞുവീണ് ഭരതനാട്യം കലാകാരൻ, സംഭവം മകളും വിദ്യാർഥികളും നോക്കി നില്‍ക്കെ
കായികമേളയ്‌ക്കിടെ മത്സരാര്‍ഥി കുഴഞ്ഞ് വീണ് മരിച്ചു: ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ എക്‌സൈസ് കായിക മേളയ്‌ക്കിടെ മത്സരാര്‍ഥിയായിരുന്ന പ്രിവന്‍റീവ് ഓഫിസര്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. പാലക്കാട് എക്‌സൈസ് ഇൻ്റലിജൻസ് വിഭാഗത്തിലെ പ്രിവൻ്റീവ് ഓഫിസറായി സേവനമനുഷ്‌ഠിച്ചിരുന്ന വേണുകുമാർ ആയിരുന്നു മരിച്ചത്. ഫെബ്രുവരി 26ന് രാവിലെ എറണാകുളം മഹാരാജസ് കോളജ് ഗ്രൗണ്ടില്‍ പൂര്‍ത്തിയായ 1500 മീറ്റർ നടത്ത മത്സരശേഷം വേണുകുമാർ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പതിനെട്ടാമത് എക്‌സൈസ് കായികമേളയിലായിരുന്നു ദൗര്‍ഭാഗ്യകരമായ സംഭവം.
അതേമാസം തന്നെ, ഗാനമേളയ്ക്കിടെ ഭിന്നശേഷിക്കാരനായ ഗായകൻ കുഴഞ്ഞുവീണ് മരിച്ചിരുന്നു. തൃശൂർ മതിലകം സെന്‍ററിന് സമീപത്തെ മുള്ളച്ചാം വീട്ടിൽ അബ്‌ദുൽ കബീർ എന്ന നാല്‍പ്പത്തിരണ്ടുകാരനായിരുന്നു മരിച്ചത്. പരിപാടിക്ക് ശേഷം തന്‍റെ മുച്ചക്ര സ്‌കൂട്ടറില്‍ ഇരുന്ന കബീര്‍ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.
Also Read : ജിമ്മിലെ വ്യായാമത്തിനിടെ ഹൃദയാഘാതം; പൊലീസ് കോണ്‍സ്‌റ്റബിള്‍ കുഴഞ്ഞുവീണ് മരിച്ചു
വിവാഹഘോഷത്തിനിടെ യുവാവിന് മരണം: ഇക്കഴിഞ്ഞ ജൂണിൽ വിവാഹ ആഘോഷങ്ങൾക്കിടെ യുവാവ് കുഴഞ്ഞുവീണ് മരണപ്പെട്ടിരുന്നു. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലായിരുന്നു സംഭവം. രാംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മൊഹല്ല ഗാർഗി വൈശ്യൻ സ്വദേശിയായ സഞ്ജു എന്ന യുവാവ് ആണ് നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്. വിവാഹ ചടങ്ങിൽ നൃത്തം ചെയ്തുകൊണ്ടിരുന്ന സഞ്ജു തളർന്നുവീഴുകയായിരുന്നു. എന്നാൽ ഒപ്പം ഉണ്ടായിരുന്നവർക്ക് എന്താണ് സംഭവിക്കുന്നതെന്ന ധാരണയുണ്ടായിരുന്നില്ല. ബോധരഹിതനായി കിടന്നിരുന്ന ഇയാളെ പിന്നീട് ആളുകൾ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയും, ഇയാൾ എഴുന്നേൽക്കാതായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു.