ആലപ്പുഴ: കിഫ്ബിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്( ഇഡി) നടത്തുന്ന അന്വേഷണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഭയപ്പെടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അന്വേഷണ ഏജൻസിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന വ്യാമോഹമാണ് പിണറായിക്കുള്ളത്. കിഫ്ബി ഇടപാടുകളിൽ ഒന്നും ഭയപ്പെടാനില്ലങ്കിൽ അന്വേഷണത്തെ എതിർക്കുന്നതെന്തിനാണ്. ഇഡിയുമായി ഏറ്റുമുട്ടുന്ന മുഖ്യമന്ത്രി നിയമവാഴ്‌ചയെ വെല്ലുവിളിക്കുകയാണ്. കുറ്റകൃത്യത്തിനെതിരെ അന്വേഷണം നടത്തുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് പറയുന്നത് പരിഹാസ്യമാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ചെങ്ങന്നൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പും ഇഡി അന്വേഷണവുമായി യാതൊരു ബന്ധവും ഇല്ല. കുറ്റകൃത്യത്തിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഏത് ഏജൻസിയ്ക്കും ഏത് ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്യാം. പെരുമാറ്റചട്ടങ്ങളൊന്നും ഇതിന് ബാധകമല്ല. ലൈഫ് മിഷൻ അഴിമതിക്കെതിരെ അന്വേഷണം നടന്നപ്പോഴും ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുന്നതിനെതിരെ മുഖ്യമന്ത്രി രംഗത്തുവന്നു. അഴിമതി പുറത്തുവരുമെന്ന ഭയമാണിതിന് പിന്നിൽ. കിഫ്ബിയുടെ ഇടപാടുകളെല്ലാം നിയമവിരുദ്ധമാണെന്ന് സിഎജി വ്യക്തമാക്കിയതാണ്. സിഎജി റിപ്പോർട്ട് ചോർത്തിയെടുത്ത് പരസ്യപ്പെടുത്തിയ ആളാണ് മന്ത്രി തോമസ് ഐസക്ക്. റിസർവ് ബാങ്കിൻ്റെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കിഫ്ബി വഴി ഇടപാടുകൾ നടത്തിയത്. ജനങ്ങളെ ഈട് നിർത്തിയാണ് വിദേശത്തു നിന്ന് കൂടിയ പലിശക്ക് പണം കടമെടുത്തത്. പണമിടപാടിനും മസാല ബോണ്ടിനും പിന്നിൽ ഇടനിലക്കാരുണ്ട്. ഇതിൽ ആർക്കൊക്കെ പങ്കുണ്ടെന്നും മന്ത്രി ഐസക്കിൻ്റെ പങ്ക് എന്താണെന്നും വിശദീകരിക്കാൻ ഉദ്യോഗഥർക്ക് ബാധ്യതയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ കിഫ്ബിയെക്കുറിച്ച് പറഞ്ഞത് കേട്ടുകേൾവിയില്ലാത്ത സംവിധാനമാണിതെന്നാണ്. കിഫ്ബി മൂലം ഉണ്ടാകുന്ന ബാധ്യത ജനങ്ങൾക്ക് മേലാണ് അടിച്ചേൽപ്പിക്കുന്നത്. കിഫ്ബി ഇടപാടുകളിലെ ദുരൂഹത നീക്കണം. ആരോപണങ്ങളിൽ തുറന്ന ചർച്ചയ്ക്ക് മുഖ്യമന്ത്രി തയ്യാറാകണമെന്നും സുരേന്ദ്രൻ പറഞ്ഞു. അഴിമതിക്കെതിരായി ഏത് അനേഷണം വന്നാലും അതിനെ തെരുവിൽ നേരിടാമെന്നാണ് മന്ത്രി ഐസക് പറയുന്നത്. ആരെയാണ് തെരുവിൽ നേരിടുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. ജനങ്ങളെ കബളിപ്പിക്കുന്ന പ്രചാരവേല അവസാനിപ്പിച്ച്
അന്വേഷണത്തെ നേരിടാൻ സർക്കാർ തയ്യാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.