ആലപ്പുഴ: വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ സ്വകാര്യ ഇൻഷുറൻസ് കമ്പനി മാനേജർ കുഴഞ്ഞ് വീണ് മരിച്ചു. തിരുവല്ലാ പുളിക്കീഴ് വളഞ്ഞവട്ടം ജോജോ വില്ലയിൽ ജോജോ ചാക്കോ(50)യാണ് മരിച്ചത്. അമ്പലപ്പുഴ മാനസമീരാ കല്ല്യാണ മണ്ഡപത്തിൽ ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു സംഭവം. സുഹൃത്തിന്‍റെ ബന്ധുവിന്‍റെ വിഹാഹ ചടങ്ങിനിടെ മണ്ഡപത്തിലെ കോണി പടിയിൽ കയറുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കൾ ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. സർക്കാർ ഉത്തരവ് കാറ്റിൽപ്പറത്തിയാണ് വിവാഹം നടത്തിയതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത വിവാഹത്തിന് 150 ഓളം പേർ പങ്കെടുത്തതായാണ് വിവരം.
കൊറോണ ഭീതിയെത്തുടർന്ന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾ ഒഴിവാക്കിയും പ്രസാദമൂട്ടുൾപ്പെടെ നിർത്തിവെച്ച സാഹചര്യത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിവാഹസൽക്കാരം ഉൾപ്പെടെയുള്ള ചടങ്ങ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചത്. വിവാഹച്ചടങ്ങിന് 50ൽ അധികം ആളുകളെ പങ്കെടുപ്പിക്കരുതെന്നു കാട്ടി പഞ്ചായത്തും ആരോഗ്യ വകുപ്പും പൊലീസും വിവാഹ നടത്തിപ്പുകാർക്കും ഓഡിറ്റോറിയം ഉടമക്കും ദിവസങ്ങൾക്കു മുമ്പ് തന്നെ രേഖാമൂലം നിർദേശം നൽകിയിരുന്നു.