ആലപ്പുഴ: ചെങ്ങന്നൂർ പാറാഞ്ചന്ത ആഞ്ഞിലിമൂട്ടിൽ ചെറിയാൻ, ഭാര്യ ലില്ലി എന്നിവരുടെ കൊലപെടുത്തിയ കേസിൽ ബംഗ്ലാദേശ് സ്വദേശികളായ ലബാലു, ജുവൽ എന്നിവരെ തെളിവെടുപ്പിനായി ആലപ്പുഴയിൽ എത്തിച്ചു. വിശാഖപട്ടണത്തു നിന്നാണ് ഇവരെ പിടികൂടിയത്.
കോറമണ്ഡൽ എക്സ്പ്രസിൽ നിന്ന് ആർപിഎഫ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മോഷണം പോയ സ്വർണമടക്കമുള്ള സാധനങ്ങൾ ഇവരിൽ നിന്നും കണ്ടെത്തി. ഞായറാഴ്ച ജോലിക്കെത്തേണ്ട എന്നറിയിച്ചിട്ടും ഇവർ എത്തിയിരുന്നു. തിങ്കളാഴ്ച മുതൽ ചെറിയാനെയും ഭാര്യയെയും പുറത്തു കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ചെറിയാന്റെ മൃതദേഹം വീടിനു പുറത്തുള്ള സ്റ്റോർ റൂമിലും, ലില്ലിയുടേത് അടുക്കളയിലുമാണ് കണ്ടെത്തിയത്. പ്രതികൾ കൊലപാതകത്തിനായി ഉപയോഗിച്ചെന്ന് കരുതുന്ന രക്തം പുരണ്ട മൺവെട്ടിയും ഇരുമ്പുവടിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാർ, ജില്ലാ പൊലീസ് മേധാവി കെ.എം ടോമി എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്തു. കേരള പൊലീസ്, ആർപിഎഫ്, കേരളാ റെയിൽവേ പൊലീസ് തുടങ്ങിയവരുടെ സംയുക്ത പരിശോധനയിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞതെന്ന് ഡിഐജി കാളിരാജ് മഹേഷ് കുമാർ പറഞ്ഞു.
കേസ് അന്വേഷണം പൂർത്തിയാക്കി പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിൽ കേരള പൊലീസ് കർശന നടപടികളാണ് സ്വീകരിക്കുന്നത്. ഇത്തരം കൊലപാതകങ്ങൾ തടയാൻ കമ്മ്യൂണിറ്റി പൊലീസിങ്, അർധരാത്രിയിലുള്ള പൊലീസ് പട്രോളിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.