ആലപ്പുഴ: ഇടുക്കി എഞ്ചിനീയറിങ് കോളജിൽ എസ്എഫ്ഐ പ്രവർത്തകനായ ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ടത് അത്യന്തം ദൗര്‍ഭാഗ്യകരവും അപലപനീയവുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. കൊലപാതകത്തെയും തുടർന്നുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് എംപിയുടെ പ്രതികരണം. കൊലപാതകത്തെ തുടർന്ന് കോൺഗ്രസ് ഓഫിസുകൾക്ക് നേരെ നടത്തുന്ന അക്രമ സംഭവം അവസാനിപ്പിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
ഇടുക്കിയിലെ സംഭവത്തിന്‍റെ പേരില്‍ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു ഓഫിസുകളും കൊടിമരങ്ങളും സ്‌തൂപങ്ങളും നശിപ്പിക്കുന്ന വാര്‍ത്ത പുറത്തുവരികയാണ്. പയ്യന്നൂരിലെ സജിത് ലാല്‍ മുതല്‍ ശരത് ലാലും കൃപേഷും ഉള്‍പ്പെടെ നിരവധി യുവ പോരാളികളെ ഞങ്ങള്‍ക്ക് നഷ്‌ടപ്പെട്ടത് സിപിഎമ്മിന്‍റെ ചോരക്കൊതി കൊണ്ടായിരുന്നു. അപ്പോഴെല്ലാം നിയമപരമായ വഴിയിലൂടെ മാത്രമാണ് ഞങ്ങള്‍ നേരിട്ടതെന്നും കെ.സി ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാനത്തുടനീളം അക്രമം അഴിച്ചുവിടാനോ സിപിഎം ഓഫിസുകള്‍ തകര്‍ക്കാനോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയാറായിരുന്നില്ല.
സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കാതിരിക്കാനുള്ള ഉത്തരവാദിത്തം സിപിഎം കാണിക്കണം. ബിജെപി, എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെ അരുംകൊല ചെയ്‌ത സംഭവങ്ങളിലൊന്നും ഇതുപോലൊരു പ്രതികരണം സിപിഎമ്മിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നില്ല എന്നോര്‍ക്കണമെന്നും കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
കൊലപാതകത്തെ അപലപിക്കുകയും അക്രമികളെ തള്ളിപ്പറയുകയും ചെയ്യുന്ന കോണ്‍ഗ്രസിന്‍റെ മേല്‍ കുതിര കയറാമെന്ന് സിപിഎം കരുതരുത്. പ്രവര്‍ത്തകരെ കയറൂരിവിടുന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നത്. ഇത് അപലപനീയമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.
എറണാകുളം മഹാരാജാസിലും കണ്ണൂര്‍ തളിപ്പറമ്പിലും കോഴിക്കോട് പേരാമ്പ്രയിലും പത്തനംതിട്ടയിലും കൊല്ലത്തും മലപ്പുറത്തും ഉണ്ടായ സിപിഎം-എസ്എഫ്‌ഐ അക്രമ സംഭവങ്ങള്‍ അപലപനീയമാണെന്നും കെ.സി വേണുഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Also Read: സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി ഉയര്‍ത്തി ഒഡിഷ