ആലപ്പുഴ: ചേര്‍ത്തല താലൂക്കിലെ എല്ലാ വിദ്യാലയങ്ങളിലും ഇനി ശുദ്ധീകരിച്ച കുടിവെള്ളം ലഭിക്കും. ജില്ലാ ഭരണകൂടത്തിന്‍റെയും 'ഐ ആം ഫോര്‍ ആലപ്പി' പദ്ധതിയുടെയും നേതൃത്വത്തിലാണ് ശുദ്ധീകരിച്ച കുടിവെള്ളം ഉറപ്പ് വരുത്തുന്നത്. ഇതോടെ ശുദ്ധീകരിച്ച കുടിവെള്ളം ഉറപ്പാക്കിയ ജില്ലയിലെ രണ്ടാമത്തെ താലൂക്കായി ചേര്‍ത്തല മാറി.
ചേര്‍ത്തല താലൂക്കിലെ 60 സ്‌കൂളുകളിലാണ് വാട്ടര്‍ പ്യൂരിഫയറുകള്‍ സ്ഥാപിച്ചത്. പന്ത്രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക. 'ഐ ആം ഫോര്‍ ആലപ്പി'യിലൂടെ എൻജിഒ സ്ഥാപനമായ അഡ്ര ഇന്ത്യയാണ് ഇവ സ്ഥാപിച്ചത്. ചേര്‍ത്തല വെളിയകുളം ഗവ. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ആലപ്പുഴ സബ് കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ വാട്ടര്‍ പ്യൂരിഫയറുകളുടെ വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.