ആലപ്പുഴ: പള്ളാത്തുരുത്തി വാര്‍ഡിലെ പതിനഞ്ചില്‍ ചിറയില്‍ വീട്ടില്‍ സുഭാഷിണിക്കും സഹോദരി രേവമ്മക്കും ഇന്ന് സ്വപ്ന സാക്ഷാത്കാരത്തിന്റെ ദിനമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയത്തില്‍ ഇവരുടെ വീടടക്കം സര്‍വ സമ്പാദ്യവും നഷ്ടപ്പെട്ടിരുന്നു. ജീവിതത്തിന് മുമ്പിൽ പകച്ചു പോയ ഇവര്‍ക്ക് സ്വന്തമായൊരു കിടപ്പാടമെന്ന ആഗ്രഹം നിറവേറ്റി കരുത്ത് പകര്‍ന്നിരിക്കുകയാണ് ഐ ആം ഫോര്‍ ആലപ്പി പദ്ധതി. ബാഹുബലി മൂവീസിന്റെ സഹായത്തോടെ 5,85,000 രൂപ വിനിയോഗിച്ചാണ് വീട് നിര്‍മ്മിച്ചത്. വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശമായതിനാല്‍ ഭൂനിരപ്പില്‍ നിന്നും അഞ്ചടിയോളം ഉയരത്തിലാണ് വീടിന്റെ അടിത്തറ തീര്‍ത്തിരിക്കുന്നത്. നിര്‍മിതി കേന്ദ്രത്തിനായിരുന്നു വീടിന്റെ നിര്‍മ്മാണ ചുമതല. അഞ്ച് മാസം കൊണ്ടാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കിയത്. 570 ചതുരശ്ര അടിയുള്ള വീട്ടില്‍ അടുക്കള, രണ്ട് കിടപ്പുമുറികള്‍, ഹാള്‍, ശുചിമുറി എന്നീ സൗകര്യങ്ങളാണുള്ളത്.
ഇരുവരും ചേര്‍ന്ന് സ്വന്തമായൊരു വീട് സ്വപ്നം കാണാന്‍ തുടങ്ങിയപ്പോഴായിരുന്നു പ്രളയം എല്ലാം കവര്‍ന്നെടുത്തത്. അടച്ചുറപ്പുള്ള ഭവനത്തിന്റെ സുരക്ഷിതത്വം ആഗ്രഹിച്ച തങ്ങള്‍ക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയതില്‍ ഐ ആം ഫോര്‍ ആലപ്പിയുടെ പങ്ക് പറഞ്ഞറിയിക്കാന്‍ സാധിക്കില്ലെന്ന് ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നു. പുതിയ വീട്ടില്‍ രേവമ്മയും സുഭാഷിണിയും പുതിയൊരു ജീവിതം കെട്ടിപ്പടുക്കുകയാണ്. വീടിന്റെ താക്കോല്‍ ദാനം വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ ബാല കിരണ്‍ നിര്‍വ്വഹിച്ചു. ആലപ്പുഴ സബ് കലക്ടര്‍ വി ആര് കൃഷ്ണതേജ, നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ്, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.