ആലപ്പുഴ: കുട്ടനാട്ടിൽ വിനോദ സഞ്ചാരത്തിനിടെ ഹൗസ് ബോട്ട് മുങ്ങി ജീവനക്കാരൻ മരിച്ചു. പള്ളാതുരുത്തി സ്വദേശി പ്രസന്നനാണ് മരിച്ചത്. കുട്ടനാട് കന്നിട്ട ജെട്ടിക്ക് സമീപം ശനിയാഴ്‌ച രാവിലെയാണ് അപകടം.
ബോട്ട് മുങ്ങുന്നു എന്ന് മനസിലാക്കിയ ഉടൻ പ്രസന്നൻ ഉൾപ്പടെയുള്ള ബോട്ട് ജീവനക്കാർ അതിഥികളെ സുരക്ഷിതമായി കന്നിട്ട ജെട്ടിയിൽ ഇറക്കിയിരുന്നു. തുടർന്ന് അകത്തുണ്ടായിരുന്ന സാധനങ്ങൾ പുറത്തേക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരന്‍ ബോട്ടിനകത്ത് അകപ്പെട്ടത്.
ഫയർഫോഴ്‌സ് മൂന്ന് മണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രസന്നന്‍റെ മൃതദേഹം കിട്ടിയത്. മൃതദേഹം പോസ്റ്റ്മാർട്ടം നടപടികൾക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ടൂറിസം വകുപ്പ് അന്വേഷണം ആരംഭിച്ചു.