ആലപ്പുഴ: കൊറോണ വൈറസ് ബാധക്കെതിരെ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആലപ്പുഴയിൽ മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ചൈനയിൽ നിന്ന് തിരികെ എത്തിയ ആലപ്പുഴ സ്വദേശിയായ വിദ്യാർഥിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്.
പ്രതിരോധ പ്രവർത്തനങ്ങൾ താഴെതലം വരെ എത്തിക്കാനും ബോധവൽകരണം നടത്താനും യോഗത്തിൽ തീരുമാനമായി. ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പടുത്തി 14 അംഗ സർവൈലൻസ് കമ്മിറ്റിയും രൂപീകരിച്ചു കഴിഞ്ഞു. ഡോക്ടർമാരുടേയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
ആലപ്പുഴയിലെ കൊറോണ ബാധയെ സംബന്ധിച്ച് രാവിലെ സംശയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പരിശോധനാഫലം വന്നതോടെ രോഗബാധ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി മന്ത്രി അറിയിച്ചു. പകരാൻ സാധ്യതയുള്ള രോഗമാണ് കൊറോണ. എന്നാൽ രോഗം പകരാതിരിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ആലപ്പുഴ മെഡിക്കൽ കോളജിൽ കൂടുതൽ ഐസൊലേഷൻ വാർഡുകൾ തുടങ്ങുമെന്നും പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരോഗ്യവകുപ്പ് സുസജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ വണ്ടാനം മെഡിക്കൽ കോളജിൽ കഴിയുന്ന നാലു പേരിൽ മൂന്നുപേർ ചൈനയിൽ നിന്ന് വന്നവരാണ്. മറ്റൊരാൾ രോഗം സ്ഥിരീകരിച്ച വിദ്യാർഥിയുടെ ബന്ധുവാണ്. രോഗബാധിതരുടെ അസുഖം കുറഞ്ഞു വരുന്നുണ്ടെന്നത് ആശ്വാസകരമാണ്. എല്ലാദിവസവും അവലോകനയോഗം ചേരും. ദിവസവും 7.30ന് പ്രത്യേക മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കും. സ്ഥിതിഗതികൾ വിലയിരുത്താൻ നാഷണൽ ഹെൽത്ത് മിഷൻ എംഡി ഡോ. രത്തൻ ഖേൽക്കർ ജില്ലയിൽ തുടരുമെന്നും നിപ പോലെ തന്നെ ഈ മഹാമാരിയെയും കേരളം ഒറ്റക്കെട്ടായി നേരിടുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ മന്ത്രിമാരായ ജി. സുധാകരൻ, പി. തിലോത്തമൻ, നാഷണൽ ഹെൽത്ത് മിഷൻ എംഡി ഡോ. രത്തൻ ഖേൽക്കർ, ജില്ലാ കലക്ടർ എം. അഞ്ജന, ടി.ഡി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ, ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ജില്ലാ മേധാവിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.