ആലപ്പുഴ: കൊറോണ വൈറസിന്‍റെ ജനിതക വ്യതിയാനം റിപ്പോര്‍ട്ട് ചെയ്‌ത പശ്ചാത്തലത്തില്‍ വിമാനയാത്ര ചെയ്‌ത് നാട്ടിലെത്തുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം. ജില്ലാ മെഡിക്കല്‍ ഓഫീസറാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഡിസംബര്‍ 21നും 23നും ഇടയില്‍ യാത്ര ചെയ്‌ത് എത്തിയവര്‍ കൊവിഡ് പോസിറ്റീവായാല്‍ പ്രത്യേക ഐസോലേഷന്‍ യൂണിറ്റില്‍ കഴിയേണ്ടതാണ്. വിദേശത്ത് നിന്ന് എത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ കരുതലോടെയിരിക്കണം. സഹയാത്രക്കാര്‍ പോസിറ്റീവായാല്‍ സമ്പര്‍ക്കത്തിലായവര്‍ ക്വാറന്‍റൈനില്‍ പ്രവേശിക്കേണ്ടതാണ്.
നവംബര്‍ 25നും സിസംബര്‍ എട്ടിനും ഇടയില്‍ എത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ ഇരിക്കുകയും ജില്ലയിലെ കൊവിഡ് നിരീക്ഷണ ചുമതലയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കേണ്ടതുമാണെന്ന് മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്. നവംബര്‍ 25 മുതല്‍ വിമാന മാര്‍ഗം ജില്ലയിലെത്തിയവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ലഭ്യമാക്കുന്നതാണ്. ബീച്ചുകള്‍ സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുത്തതോടെ അന്തര്‍ സംസ്ഥാന സന്ദര്‍ശകര്‍ നിരവധി എത്തിച്ചേരുന്ന സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പത്ത് വയസിന് താഴെയും 60 വയസിന് മുകളിലും പ്രായമുള്ളവരും സന്ദര്‍ശനം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.