ആലപ്പുഴ: ഹരിപ്പാട് ക്രിക്കറ്റ്കളിസ്ഥലത്ത് പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്ത 19കാരനെ ക്രിക്കറ്റ് സ്റ്റമ്പുകൊണ്ട് തലക്കടിച്ച് കൊന്ന കേസിൽ നീതി തനിക്ക് ലഭിച്ചെന്ന് കൊല്ലപ്പെട്ട ശരത്ചന്ദ്രന്‍റെ മാതാവ് പത്മാവതി. ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിൽ കേസിന്‍റെ വിധി പ്രസ്താവം കേട്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
"കഴിഞ്ഞ 9 വർഷക്കാലം തന്‍റെ മകന് വേണ്ടി താൻ ഒഴുക്കിയ കണ്ണീരിന് കണക്കില്ല. പല രാത്രികളിലും മകന്‍റെ ഓർമ്മകൾ തന്‍റെ ഉറക്കം കളയും. ഇതിനെല്ലാം പകരമാവില്ലെങ്കിലും ഇപ്പോഴത്തെ കോടതി വിധി തനിക്ക് നീതി ലഭ്യമാക്കുന്നതാണ്". ഇത്രയും നാൾ ഒരമ്മയെന്ന നിലയിൽ നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. വിധിന്യായം പ്രസ്താവിച്ച നീതിപീഠത്തോടും കേസിൽ ഹാജരായി തനിക്ക് നീതി ലഭ്യമാക്കിയ അഭിഭാഷകരും നന്ദി പറയുന്നതായും അവർ പറഞ്ഞു. 2011 മാർച്ച് 14-ന് വൈകിട്ടായിരുന്നു ഹരിപ്പാട് സ്വദേശി ശരത്ചന്ദ്രൻ കൊലപ്പെടുന്നത്.
ക്രിക്കറ്റ് കളി സ്ഥലത്തെ പരസ്യമദ്യപാനം ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു കൊലപാതകം. കേസിൽ രണ്ട് സാക്ഷികളെ വിസ്തരിച്ചു. 52 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി ഗീത, പി.പി ബൈജു എന്നിവർ ഹാജരായി. ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ സീതയാണ് വിധി പ്രസ്താവം നടത്തിയത്. വിധി പ്രസ്താവം കേൾക്കാൻ ശരത്ചന്ദ്രന്‍റെ പിതാവ് രാമചന്ദ്രനൊപ്പമാണ് മാതാവ് പത്മാവതി കോടതിയിൽ എത്തിയത്.