ആലപ്പുഴ: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ 'കരുതാം ആലപ്പുഴയെ' ക്യാമ്പയിനിന്‍റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തില്‍ ജില്ലാ ഭരണകൂടത്തിന്‍റെയും വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന അണുനശീകരണ ശുചീകരണ തീവ്രയജ്ഞ പരിപാടിക്ക് തുടക്കമാകും. ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധി സ്‌മൃതി മണ്ഡപത്തിലെ പുഷ്‌പാര്‍ച്ചനയ്ക്ക് ശേഷം അണുനശീകരണ വാരാഘോഷത്തിന്‍റെ ഉദ്ഘാടനം സിവില്‍ സ്‌റ്റേഷനിൽ ജില്ല കലക്‌ടര്‍ എ.അലക്‌സാണ്ടര്‍ നിര്‍വഹിക്കും. ജില്ലയിലെ എല്ലാ ഓഫീസുകളിലും അണു നശീകരണ ക്യാമ്പയിൻ ഗാന്ധി ജയന്തി ദിനം മുതൽ ഒരാഴ്‌ചക്കാലം നടത്തണമെന്നും വീടും പരിസരവും വൃത്തിയാക്കുക, ഓഫീസുകള്‍ വൃത്തിയാക്കുക തുടങ്ങിയ നടപടികളുമായി എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കലക്‌ടര്‍ അറിയിച്ചു.
അണുനശീകരണ ക്യാമ്പയിനിന്‍റെ ഭാഗമായി ഹോട്ടല്‍ ആന്‍റ് റസ്‌റ്റോറന്‍റ് അസോസിയേഷന്‍, വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യാവസായി ഏകോപന സമിതി, സീഫുഡ് വ്യവസായ പ്രതിനിധികള്‍, കയര്‍ ഫാക്‌ടറി ഉടമകള്‍, വിവിധ സ്ഥാപനങ്ങളുടെ സംഘടനാ പ്രതിനിധികള്‍ എന്നിവരുമായി കലക്‌ടര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയ വിനിമയം നടത്തി.