തിരുവനന്തപുരം: മുൻ മന്ത്രി കെ.ആർ ഗൗരിയമ്മ അന്തരിച്ചു. 102 വയസായിരുന്നു. രക്തത്തിലെ അണുബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിക്കായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് സ്വദേശമായ ആലപ്പുഴയില്‍. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനം നടക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പ്രവേശനം.
കേരള രാഷ്ട്രീയത്തില്‍ ശതാബ്ദി പിന്നിട്ട വിപ്ലവ സൂര്യൻ
കേരംതിങ്ങും കേരള നാട്ടിൽ കെ.ആർ ഗൗരി ഇനിയില്ല. കേരള രാഷ്ട്രീയത്തിൽ ശതാബ്ദിയും പിന്നിട്ട് ഉദിച്ചു നിന്നിരുന്ന സൂര്യൻ അസ്തമിച്ചിരിക്കുന്നു. കെ.ആർ ഗൗരി എന്ന ധീര നായിക തന്റെ സമര ഭൂമിയോട് വിടപറയുമ്പോൾ കേരള രാഷ്ട്രീയത്തിന്റെ ഒരു അധ്യായത്തിനു കൂടിയാണ് അവസാനമാകുന്നത്. തിരുകൊച്ചി മന്ത്രി സഭതൊട്ട് കെ.ആർ ഗൗരി എന്ന പേരിന് കേരള രാഷ്ട്രീയത്തിൽ അടർത്തി മാറ്റാനാവാത്ത സ്ഥാനമുണ്ടായിരുന്നു. ഐക്യകേരള രൂപം കൊണ്ടതിന് ശേഷം 2011 വരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പോരാടനിറങ്ങിയ മറ്റൊരു വ്യക്തിയും കേരള ചരിത്രത്തിലില്ല. അഞ്ച് തവണ മന്ത്രിയായി. 17 തെരഞ്ഞെടുപ്പുകളിൽ 13 ലും വിജയം.
സംസ്ഥാനത്തിന്‍റെ പ്രഥമ റവന്യു മന്ത്രി
കേരളത്തിന്റെ വിപ്ലവ ഭൂമിയായ ആലപ്പുഴയുടെ ചുവന്ന മണ്ണിൽ നിന്നാണ് കളത്തിൽ പറമ്പിൽ രാമൻ ഗൗരി എന്ന ഗൗരിയമ്മ തന്റെ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയായിരുന്നു തുടക്കം. ചൂഷണത്തിനിരയായൊരു സമൂഹത്തിനായി സമര ഭൂമിയിൽ ചെങ്കൊടിക്കൊപ്പമായിരുന്നു പ്രവർത്തനം. 1952 ലും 1954 ലും തിരുകൊച്ചി മന്ത്രി സഭയിൽ അംഗമായി. 1957 ൽ ലോകത്ത് ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ വന്ന പ്രഥമ കേരള മന്ത്രിസഭയിൽ റവന്യു മന്ത്രിയായി ചുമതലയേറ്റു. ചരിത്ര പ്രസിദ്ധമായ ഭൂപരിഷകരണ നിയമം, സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ നിയമം, പാട്ടകുടിയാൻ നിയമം, എന്നിവ അവതരിപ്പിച്ചതും ഗൗരിയമ്മ തന്നെ. സഹപ്രവർത്തകനും, ഇ.എം.എസ് മന്ത്രിസഭയിലെ മന്ത്രിയുമായിരുന്ന ടി.വി തോമസിനെ വിവാഹം കഴിച്ചെങ്കിലും 1964 ൽ അവിഭക്ത കമ്മ്യുണിസ്റ്റ് പാർട്ടി പിളർന്നതോടെ ജീവിതവും, പോരാട്ടവും ഇരു ചേരികളിലായി. പിന്നീട് സിപിഎമ്മിനൊപ്പം ചേർന്ന് മുന്നോട്ട്. വനിതാ നേതാക്കൾക്ക് പ്രാതിനിധ്യം കുറഞ്ഞകാലത്തും "കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ ഗൗരി ഭരിക്കട്ടെ" എന്ന മുദ്രാവാക്യം 1987 ൽ കേരളക്കര ആകെ അലയടിച്ചു.
സിപിഎമ്മില്‍ നിന്ന് യു.ഡി.എഫിലേക്ക്
1994 ലാണ് സിപിഎമ്മിൽ നിന്ന് ഗൗരിയമ്മ പുറത്താക്കപ്പെടുന്നത്.എന്നാൽ രാഷ്ട്രീയത്തിലും ജീവിതത്തിലും നിലപാടുകളിൽ ഉറച്ചു നിന്ന പെണ്ണ്ശൗര്യത്തെ തളർത്താൻ പാർട്ടി നടപടിക്കായില്ല. സിപിഎമ്മിന് മറുപടിയായി ജെഎസ്എസ്. രൂപീകരിച്ച് യു.ഡി.എഫിനൊപ്പം രാഷ്ട്രീയ പ്രവർത്തനം തുടർന്നു. 2001ലും, 2004 ലും യുഡിഎഫ് മന്ത്രി സഭയിൽ അംഗമായി. 2006 മുതലാണ് ഗൗരിയമ്മയ്ക്ക് തുടർച്ചയായ തിരിച്ചടികൾ നേരിടേണ്ടി വരുന്നത്. 2006 ൽ സ്വന്തം തട്ടകമായ അരൂരിലും, 2011 ചേർത്തലയിലും പരാജയമേൽക്കേണ്ടി വന്നു. ഇതോടെ യുഡിഎഫിൽ ജെഎസ്എസിന്റെ പ്രാധാന്യം കുറഞ്ഞു.
യു.ഡി.എഫിനോടും വിട ചൊല്ലി
പാർട്ടിക്കുള്ളിൽ തന്നെ പടലപിണക്കഞങ്ങൾ രൂപപ്പെട്ടതോടെ 2014 ൽ യു.ഡി എഫ് വിട്ട് ജനാധിപത്യ സംരക്ഷണ സമിതി ഇടതിനൊപ്പം ചേർന്നു. സ്നേഹപൂർവ്വം സിപിഎം ഗൗരിയമയെ സ്വീകരിച്ചെങ്കിലും പഴയ പ്രാധാന്യം ഇടത് പാളയത്തിൽ ലഭിച്ചില്ല എന്നതാണ് വസ്തുത. പക്ഷെ വീഴ്ച്ചകൾക്കിടയിലുംവിട്ടുവീഴചളില്ലാത്ത രാഷ്ട്രീയ നിലപാടുകളിലൂടെ ഗൗരിയമ്മ എന്ന വിപ്ലവനായിക തല ഉയർത്തി തന്നെ നിന്നിരുന്നു. ഈ പോരട്ട വീര്യം മുറുകെ പിടിച്ചു തന്നെയാണ്,102 വയസിൽ ആലപ്പുഴയിലെ വീട്ടിലെ ഏകാന്തത അവസാനിപ്പിച്ച് കെ.ആർ ഗൗരി സമര നായിക വിപ്ലവ മണ്ണിനോട് ചേരുന്നത്.