ആലപ്പുഴ : ഭക്ഷണത്തിന് തോന്നിയ വിലയീടാക്കുന്ന ഹോട്ടലുകൾക്കും ഭക്ഷണശാലകൾക്കും ഇനി പിടിവീഴും. ഭക്ഷണത്തിന് അമിത വിലയീടാക്കുന്നുവെന്ന എംഎല്‍എ ചിത്തരഞ്ജന്‍റെ പരാതിയിലാണ് നടപടി. എംഎൽഎയുടെ പരാതിക്ക് പിന്നാലെ ജില്ലയിലെ ഹോട്ടലുകളില്‍ ഭക്ഷ്യവകുപ്പിന്‍റെ നേതൃത്വത്തിൽ വ്യാപക പരിശോധന ആരംഭിച്ചു.
ആദ്യഘട്ടമെന്നോണം ചേര്‍ത്തലയിലെ ഹോട്ടലുകളിലാണ് പരിശോധന. ആലപ്പുഴ കലക്‌ടര്‍ രേണുരാജാണ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയത്. ചില ഹോട്ടലുകളില്‍ അമിതവില ഈടാക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി.
ALSO READ: മുട്ടക്കറിക്ക് 50 രൂപ, അപ്പത്തിന് 15 രൂപ ; ഹോട്ടലിനെതിരെ പരാതിയുമായി പി.പി ചിത്തരഞ്‌ജൻ എംഎൽഎ
ഹോട്ടലുകളുടെ നിലവാരം അനുസരിച്ച് ഭക്ഷണവില ഏകീകരിക്കണമെന്നാണ് ഭക്ഷ്യവകുപ്പിന്‍റെ നിര്‍ദേശം. ഇതുസംബന്ധിച്ച് ജില്ല സിവില്‍ സപ്ലൈസ് ഓഫിസര്‍ കലക്‌ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഭക്ഷണത്തിന് അമിത വില ഈടാക്കിയ ഹോട്ടലിനെതിരെ പി.പി. ചിത്തരഞ്ജന്‍ എംഎല്‍എയാണ് ജില്ല കലക്‌ടര്‍ക്ക് പരാതി നല്‍കിയത്.
താന്‍ കയറിയത് സ്റ്റാര്‍ ഹോട്ടലില്‍ അല്ലെന്നും എസി ഹോട്ടല്‍ എന്നുപറഞ്ഞിട്ട് എസി ഇല്ലായിരുന്നുവെന്നും വിലവിവരപ്പട്ടിക ഇല്ലായിരുന്നുവെന്നും എംഎല്‍എ വ്യക്തമാക്കിയിരുന്നു.