ആലപ്പുഴ: ട്രോളിങ് നിരോധനകാലം സാധാരണയായി പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ചാകരക്കാലമാണ്. എന്നാൽ, ഇത്ര കുറവ് മീൻ ലഭിച്ചൊരുകാലം ഓർമയിലില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. കാലാവസ്ഥ പ്രതികൂലമായതും വിനയായി. ശക്തമായ തിരമാലയെ വകവയ്‌ക്കാതെ ഡിസ്‌കോ വള്ളങ്ങൾ കടലിലിറക്കിയെങ്കിലും കാര്യമായ കോള് ലഭിച്ചില്ല. കൊഴുവ അടക്കമുള്ള ചെറുമത്സ്യങ്ങൾ മാത്രമാണ് കിട്ടിയത്. പ്രതീക്ഷിച്ച വിലയും ലഭിച്ചില്ല. ലൈയ്‌ലാൻഡ്, ബീഞ്ച് ഇനത്തിലുള്ള വലിയ വള്ളങ്ങൾ കടലിൽ ഇറക്കാനായില്ല. പ്രധാനമായും ലഭിക്കാറുള്ള നാരൻ ചെമ്മീൻ, കണവ, വലിയ അയല, മാന്തൾ തുടങ്ങിയ മത്സ്യങ്ങളൊന്നും ഇക്കുറി കിട്ടിയില്ല.
ഇതിനിടയിൽ കേന്ദ്ര സർക്കാർ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് ഇരുട്ടടിയായി എന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. 34 ലിറ്റർ മണ്ണെണ്ണ മാത്രമാണ് ലഭിച്ചത്. ലിറ്ററിന് 75 രൂപ വില നൽകി പൊതുവിപണിയിൽനിന്ന് മണ്ണെണ്ണ വാങ്ങിയാണ് പലരും കടലിൽ പോയത്. അതേസമയം, ട്രോളിങ്ങ് നിരോധനം അവസാനിച്ച് യന്ത്രബോട്ടുകൾ കടലിലിറങ്ങുന്നതോടെ ചെമ്മീൻ പീലിങ് ഷെഡുകളും ഉണരും. കാറ്റ്, ഒഴുക്ക്, തിര, ചെളി, സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് മുകളിലേക്കുണ്ടാകുന്ന ശക്തമായ ജലപ്രവാഹം എന്നിവമൂലം കേരളത്തിന്റെ ചില തീര പ്രദേശങ്ങളിൽ ഉണ്ടാകുന്ന പ്രതിഭാസമാണ് ചാകര. പുന്നപ്ര ചള്ളി ഫിഷ് ലാന്റിങ് സെന്ററിനു സമീപം ചാകര സാധ്യത തെളിഞ്ഞിട്ടുണ്ടെന്നതും പ്രതീക്ഷയാണ്. ഇതോടെ നീർക്കുന്നം കുപ്പി മുക്കിൽനിന്ന് അടുത്തദിവസം മുതൽ കൂടുതൽ വള്ളം ഇവിടേക്ക് എത്തും. ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ.