ആലപ്പുഴ: തെങ്ങ് കയറ്റ യന്ത്രത്തിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സെത്തി സാഹസികമായി രക്ഷപെടുത്തി. ചേർത്തല ഫയർഫോഴ്സാണ് 45 അടിയോളം ഉയരത്തിൽ കുടുങ്ങിയ തൊഴിലാളിയെ പരിക്കൊന്നും കൂടാതെ രക്ഷിച്ചത്. ചേർത്തല ചാരമംഗലം കളത്തിവീട് ജംഗ്ഷന് കിഴക്കുവശം കിഴക്കെവെളിയിൽ സരസമ്മയുടെ വീട്ടിൽ ജോലിക്കായി എത്തിയ തെങ്ങുകയറ്റ തൊഴിലാളി ചന്ദ്രൻ (58) ആണ് തെങ്ങിന് മുകളിൽ കുടുങ്ങിയത്.
തെങ്ങിന് മുകളിൽ എത്തിയപ്പോൾ തെങ്ങുകയറ്റ യന്ത്രത്തിന്‍റെ കേബിൾ പൊട്ടി ഒറ്റക്കാലിൽ തല കീഴായി തൂങ്ങി കിടക്കുകയായിരുന്നു. ലാഡറും റോപ്പും ഉപയോഗിച്ച് ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് യാതൊരു പരിക്കുകളും ഇല്ലാതെ ചന്ദ്രനെ നിലത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഗ്രേഡ് എഎസ്‌ടിഓമാരായ ടികെ ഷിബു, ജി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുജിത്കുമാർ, വർഗീസ്, മിഥുൻ, സുജിത്, വിപിൻ, രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.