ആലപ്പുഴ: വണ്ടാനം ടി.ഡി മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ വൻ തീപിടിത്തം. അത്യാഹിത വിഭാഗത്തിന് സമീപത്ത് ശസ്ത്രക്രിയ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തത്തുന്ന ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റിഡിന്‍റെ പിൻഭാഗത്ത് അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന ഹാര്‍ഡ് ബോഡുകളിലും ആശുപത്രി വാർഡുകളിൽ നിന്നുള്ള മാലിന്യ കൂമ്പാരങ്ങളിലാണ് അഗ്നിബാധയുണ്ടായത്. ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് എയിഡ് പോസ്റ്റിൽ നിന്നുള്ള പൊലീസും അഗ്നിശമന സേനയുമെത്തിയാണ് തീയണച്ചത്.
ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിശമന സേനയുടെ സംഘം സ്ഥലത്തെത്തി. ആശുപത്രി വളപ്പിലുണ്ടായിരുന്ന മൂന്ന് മരങ്ങള്‍ പൂർണമായും കത്തി നശിച്ചു. തീ പടർന്ന് കൊണ്ടിരുന്ന മരങ്ങൾ ഈ ഭാഗത്തെ മതിലിന് പുറത്തെ പള്ളിമുക്ക് റോഡിലേക്ക് വീഴാതിരുന്നതിനാല്‍ നാശനഷ്ടം ഒഴിവായി. അഗ്നിശമന സേനയുടെ സമയോചിത ഇടപെടല്‍ എച്ച്.എൽ.എല്ലി കെട്ടിത്തിലേക്കും ഇതിന് സമീപത്തുള്ള വാഹന പാർക്കിങ്ങിലേക്കും തീപ്പിടിക്കുന്നത് തടഞ്ഞു.