ആലപ്പുഴ : കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ബലി പെരുന്നാൾ ചടങ്ങുകളിലും ആഘോഷങ്ങളിലും പാലിക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച മാർഗ നിർദേശങ്ങൾ ജില്ലാ കലക്ടർ എ .അലക്സാണ്ടർ ഐഎഎസ് പുറത്തിറക്കി.
കണ്ടൈയ്‌ൻമെന്‍റ് സോണുകളിൽ ആരാധനാലയങ്ങൾ തുറക്കുകയോ ഈദ് ഗാഹുകൾ, സമൂഹ പ്രാർത്ഥനകൾ എന്നിവ നടത്തുകയോ പാടില്ല. വീടുകളിൽ എത്തിച്ച് മാംസം വിതരണം പാടില്ല .കണ്ടൈയ്‌ൻമെന്‍റ് സോണുകളിൽ ഇറച്ചി കടകളും തുറക്കാൻ പാടില്ല. കണ്ടൈയ്‌ൻമെന്‍റ് സോണുകളിൽ നേരത്തെ പ്രഖ്യാപിച്ച ഗതാഗത നിയന്ത്രണങ്ങൾ അടക്കം എല്ലാ നിയന്ത്രണങ്ങളും നിലവിൽ ഉണ്ടായിരിക്കും.
കണ്ടൈയ്‌ൻമെന്‍റ് സോണുകൾ അല്ലാത്ത പ്രദേശങ്ങളിൽ പള്ളികളിലെ പെരുന്നാൾ നമസ്കാരത്തിന്, കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരമാവധി കുറച്ചു പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. ബലിയറുക്കൽ കർമ്മം (ഉളുഹിയ)വീടുകളിൽ മാത്രം നടത്തണം. പരമാവധി അഞ്ചു ആളുകൾ മാത്രമേ പങ്കെടുക്കാവൂ. പനി, ശ്വാസകോശരോഗങ്ങൾ , മറ്റ് രോഗലക്ഷണങ്ങൾ ഉള്ളവർ എന്നിവർ നിർബന്ധമായും പള്ളിയിലോ വീടുകളിൽ ചടങ്ങുകളിൽ പങ്കെടുക്കാൻ പാടില്ല.
വീടുകളിലോ കൊവിഡ് കെയർ സെന്‍ററുകളിലോ നിരീക്ഷണത്തിൽ ഇരിക്കുന്നവർ യാതൊരു കാരണവശാലും ക്വാറന്‍റൈൻ ലംഘിച്ച് ചടങ്ങുകളിൽ പങ്കെടുക്കാൻ പാടില്ല. പള്ളികളിൽ ചടങ്ങിന് എത്തുന്നവരുടെ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തി വെയ്ക്കാനും പള്ളികളിൽ ബ്രേക്ക് ദ ചെയിൻ സജ്ജീകരണങ്ങൾ നിർബന്ധമായും ഒരുക്കാനും ജില്ലാ കലക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.