ആലപ്പുഴ : 67മത് നെഹ്റു ട്രോഫി വള്ളംകളിയുടെ വരവറിയിച്ചു കൊണ്ടുള്ള സാംസ്‌കാരിക ഘോഷയാത്ര വർണാഭമായി. ഇഎംഎസ് സ്റ്റേഡിയത്തിൽ നിന്നും തുടങ്ങിയ സാംസ്‌കാരിക ഘോഷയാത്ര ജില്ല കലക്‌ടർ ഡോ അദീല അബ്‌ദുല്ല ഫ്‌ളാഗ് ഓഫ് ചെയ്‌തു. കൊമ്പ്, ചേങ്ങില, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങളുമായി പഞ്ചവാദ്യക്കാരും ചെണ്ടമേളക്കാരും ഘോഷയാത്രയുടെ മുമ്പിൽ നടന്നു നീങ്ങി.
കൂറ്റൻ കഥകളി വേഷക്കാരും തെയ്യവും കാഴ്ചക്കാർക്ക് ആവേശം പകർന്നു. നഗരത്തിലെ സ്‌കൂളുകൾ, ബിഎഡ് കോളേജ്, ടിടിഐ തുടങ്ങി വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ജാഥയിൽ അണിനിരന്നു. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, എൻസിസി, എസ്‌പിസി കേഡറ്റ്, റെഡ് ക്രോസ് എന്നിവരും ഘോഷയാത്രയുടെ ഭാഗമായി. കുടുംബശ്രീ പ്രവർത്തകരും ട്രാൻസ്‌ജെൻഡേഴ്‌സും ഘോഷയാത്രയുടെ ഭാഗമായി. ഘോഷയാത്രയിൽ താരമായത് ഭാഗ്യ ചിഹ്നമായ തുഴയേന്തിയ താറാവ് പങ്കൻ ആയിരുന്നു.