ആലപ്പുഴ: പാപ്പാന്‍റെ പീഡനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചെരിഞ്ഞു. കരുനാഗപ്പള്ളിയിലെ ഒരു ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് കൊണ്ടുപോയപ്പോഴാണ് പാപ്പാൻ വിജയകൃഷ്ണനെ ക്രൂരമായി മർദ്ദിച്ചത്. കാലിന് സാരമായി പരിക്കേറ്റ വിജയകൃഷ്ണനെ വിശ്രമം നൽകാതെ പത്തനംതിട്ട തൃക്കോവിൽ ക്ഷേത്രത്തിലും എഴുന്നള്ളത്തിന് കൊണ്ടു പോയിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ മികച്ച കൊമ്പന്മാരിൽ ഒന്നായിരുന്നു വിജയകൃഷ്ണൻ. ആനയെ മർദ്ദിച്ച പാപ്പാനെതിരെ പരാതി ഉയർന്നിട്ടും നടപടികൾ സ്വീകരിച്ചില്ലെന്ന് ആരോപിച്ച് പ്രതിഷേധവുമായി ആനപ്രേമികളും നാട്ടുകാരും രംഗത്തെത്തി. കെടുകാര്യസ്ഥതയും വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയുമാണ് ഇത്തരം ക്രിമിനലുകളെ സംരക്ഷിക്കുന്നത്തിലൂടെ ദേവസ്വം ബോർഡ് ചെയ്യുന്നതെന്ന് ആനപ്രേമികൾ ആരോപിച്ചു. ഗുരുതര മുറിവുകളോടെ ഹരിപ്പാട് ആയിരുന്ന ആനയെ ഒരു കൂട്ടം ആനപ്രേമികളുടെ ഇടപെടലിനെ തുടർന്നാണ് തിരികെ അമ്പലപ്പുഴയിൽ എത്തിച്ചത്. അടിയന്തരമായി നല്ല ചികിത്സ നൽകണമെന്ന ആവശ്യമുന്നയിച്ച ആനപ്രേമികൾ വിജയകൃഷ്ണനെ ചികിത്സിക്കുന്ന ഡോക്‌ടറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാതെ ആനയെ സംസ്‌കരിക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. ആനയെ മർദ്ദിച്ച പാപ്പാൻ പ്രദീപ് പൊലീസ് കസ്റ്റഡിയിലാണ്.