ആലപ്പുഴ: പ്രളയദുരിത ബാധിതർക്ക് ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയുടെ നേതൃത്വത്തില്‍ നിർമിച്ച് നൽകുന്ന വീടുകൾ ഈനാട് എംഡി കിരൺ സന്ദര്‍ശിച്ചു. ഭവനപദ്ധതിയുടെ മാരാരികുളത്തെ ഗുണഭോക്താക്കളുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. ഈനാട് തെലങ്കാന എഡിറ്റർ ഡി.എൻ.പ്രസാദ്, മാർഗദർശി വൈസ് പ്രഡിഡന്‍റ് രാജാജി എന്നിവരും ഒപ്പമുണ്ടായിരുന്നു.
പാതിരപ്പള്ളി കൺവെൻഷൻ സെന്‍ററില്‍ നടക്കുന്ന താക്കോൽദാനത്തിന്‍റെ ഉദ്‌ഘാടനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രളയാനന്തര പുനർനിർമാണത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ അഭ്യർഥനപ്രകാരം നൂറിലധികം കുടുംബങ്ങൾക്കാണ് റാമോജി ഗ്രൂപ്പ് കൈത്താങ്ങാകുന്നത്. കുടുംബശ്രീയുടെയും 'ഐ ആം ഫോർ ആലപ്പി' പദ്ധതിയുടെയും സഹകരണത്തോടെ 40 ദിവസം കൊണ്ടാണ് ഓരോ വീടിന്‍റെയും നിര്‍മാണം പൂര്‍ത്തീകരിച്ചത്.