ആലപ്പുഴ: എടത്വ സെന്‍റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പ്രധാന തിരുനാള്‍ ഉപേക്ഷിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. 212 വര്‍ഷത്തിനിടെ ആദ്യമായാണ് പെരുന്നാള്‍ വേണ്ടെന്നുവയ്ക്കുന്നത്. പ്രത്യേകം ജാഗ്രത പുലർത്തേണ്ട സാഹചര്യത്തിൽ പള്ളിയും വിശ്വാസി സമൂഹവും സർക്കാരിനോടും ആരോഗ്യ വകുപ്പിനോടും സഹകരിക്കുന്നുവെന്നും, പൊതുജനനന്മ ലക്ഷ്യമാക്കിയാണ് തീരുമാനമെന്നും പള്ളി വികാരി ഫാ. മാത്യു ചൂരവടി അറിയിച്ചു.
കൂടുതൽ വായനയ്‌ക്ക്: 30000 കടന്ന് സംസ്ഥാനത്ത് കൊവിഡ് കേസുകൾ
കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ധാരാളം വിശ്വാസികള്‍ ഇവിടെ എത്താറുണ്ട്. പെരുന്നാൾ നടത്തുന്നത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ദേവാലയ അധികൃതർ ഇത്തരത്തിലൊരു തീരുമാനം എടുത്തത്.ഇക്കാര്യം പള്ളി വികാരി മുഖ്യമന്ത്രിയെ അറിയിച്ചു. ദേവാലയ അധികൃതർ കാണിച്ച ജാഗ്രത എല്ലാവരും കാണിക്കേണ്ടതുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സിറോ മലബാർ കത്തോലിക്ക സഭയുടെ ചങ്ങനാശേരി അതിരൂപതയിൽ പെട്ട പള്ളി 1810ലാണ് സ്ഥാപിക്കപ്പെട്ടത്. പമ്പാനദിക്കരയിൽ സ്ഥിതി ചെയ്യുന്ന ദേവാലയത്തിന്‍റെ വാസ്‌തുശിൽപശൈലി ഏറെ പ്രസിദ്ധമാണ്. പെരുന്നാളിന് കൊടിയേറുന്നതോടെ സ്വർണാലംകൃതമായ വിശുദ്ധ ജോർജിന്‍റെ തിരുസ്വരൂപം പള്ളിയുടെ മധ്യത്തിലുള്ള വേദിയിൽ പ്രതിഷ്‌ഠിക്കും. എല്ലാ വർഷവും ഏപ്രിൽ 27 മുതൽ മെയ് 14 വരെയാണ് പെരുന്നാൾ കൊണ്ടാടുന്നത്. മെയ് മൂന്നിന് ദേവാലയത്തിന്‍റെ പ്രധാന കവാടത്തിൽ പ്രതിഷ്‌ഠിക്കുന്ന തിരുസ്വരൂപം മെയ് 14 വരെ പൊതുവണക്കത്തിനായി അവിടെയുണ്ടാകും.
തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തരുടെ നേതൃത്വത്തിലാണ് മെയ് ഏഴിന് പ്രധാന തിരുന്നാൾ ദിവസം ദേവാലയത്തിന് ചുറ്റും പ്രദക്ഷിണം നടത്തുന്നത്. മെയ് 14ന് പട്ടണത്തിൽ സ്ഥാപിച്ചിട്ടുള്ള കുരിശടി വരെയുള്ള പ്രദക്ഷിണത്തോടെ തിരുന്നാൾ സമാപിക്കും. എടത്വാപള്ളി വെടിക്കെട്ടും പ്രസിദ്ധമാണ്.