ആലപ്പുഴ: ഇ-മൊബിലിറ്റി കരാര്‍ അഴിമതിയില്‍ മുഖ്യമന്ത്രി രാജിവക്കണമെന്നും അന്വേഷണം നേരിടണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടത്തിയ പ്രതിഷേധ യോഗം കെപിസിസി ജനറല്‍ സെക്രട്ടറി ഡി.സുഗതന്‍ ഉദ്‌ഘാടനം ചെയ്തു. ഇ-മൊബിലിറ്റി ഇടപാട് കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും ഇതിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സെബിയുടെ വിലക്ക് നേരിടുന്ന ഹൗസ് വാട്ടര്‍ പ്രെസ് കൂപ്പേഴ്‌സ് കമ്പനിക്ക് ടെണ്ടറില്ലാതെ 4,500 കോടി രൂപയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കുന്നതിലെ മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യം കമ്മീഷനാണെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡന്‍റ് ടിജിന്‍ ജോസഫ് പറഞ്ഞു. യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്‍റ് നൂറുദ്ദീൻ കോയ, ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്‍റ് സരുൺ റോയ്, ജില്ലാ കമ്മിറ്റി അംഗം അംജിത്ത്, ഹസൻ ആലപ്പുഴ എന്നിവർ നേതൃത്വം നൽകി.