ആലപ്പുഴ: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന വിദേശികളെ കൊവിഡ് 19 ന്‍റെ പേരിൽ അപമാനിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടർ എം അഞ്ജന. വിദേശസഞ്ചാരികളെ കൊവിഡ് 19 പേര് പറഞ്ഞ് ചിലർ അപമാനിക്കുന്നതായും വിദേശ സഞ്ചാരികൾ താമസിക്കുന്ന റിസോർട്ടിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അറിയിപ്പ്. 2020 ജനുവരി ഒന്ന് മുതൽ ആലപ്പുഴയിൽ എത്തിയ മുഴുവൻ വിദേശസഞ്ചാരികളുടെയും വിശദമായ വിവരങ്ങൾ ശേഖരിച്ച് നിരീക്ഷിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടവരെ രോഗനിർണയ പരിശോധന നടത്തി പ്രത്യേകം താമസിപ്പിച്ചിട്ടുണ്ട്. നിലവിൽ എമിഗ്രേഷൻ പരിശോധന കൂടാതെ, പൊലീസ് രഹസ്യാന്വേഷണ വിഭാഗം, സ്പെഷ്യൽ ബ്രാഞ്ച് എന്നിവ വഴിയും ശക്തമായ നിരീക്ഷണവും പരിശോധനയും നടത്തി വരുന്നുണ്ടെന്ന് കലക്ടർ വ്യക്തമാക്കി.
വിദേശികളെ അപമാനിക്കുകയും ടൂറിസം മേഖലയെ തകർക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പൊതുജനങ്ങൾക്ക് സംശയനിവൃത്തി വരുത്തുന്നതിനും വിവരങ്ങൾ അറിയിക്കുന്നതിനും കൺട്രോൾ റൂമുമായി ബന്ധപ്പെടാം. നാടിന്‍റെ സമ്പദ് വ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുന്ന ഇത്തരം നടപടികളിൽ നിന്ന് എല്ലാവരും ഒഴിഞ്ഞു നിൽക്കണമെന്ന് ജില്ലാകളക്ടർ അറിയിച്ചു.