ആലപ്പുഴ: ജില്ലയിൽ ഇന്ന് നടന്ന ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് നടത്തി. ഓരോരുത്തരും വ്യത്യസ്‌തമായ പരാതികളുമായാണ് ജില്ലാ കലക്ടര്‍ എം.അഞ്‌ജനയുടെ മുന്നിലെത്തിയത്. വയോധികയായ മാഗി റോബര്‍ട്ട് എത്തിയത് തന്‍റെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനായിരുന്നു. പ്രായമായ മാഗി ഒറ്റയ്ക്കാണ് വീട്ടില്‍ താമസിക്കുന്നത്. വാട്ടര്‍ അതോറിറ്റി കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചതിനെതിരെയാണ് മാഗി ജില്ലാ കലക്ടര്‍ എം.അഞ്ജനയ്ക്ക് പരാതി നല്‍കിയത്. അദാലത്തിലെ പരാതി ശ്രദ്ധയില്‍പ്പെട്ട ജില്ലാ കലക്ടര്‍ മാഗിയുടെ അടുത്തെത്തി പരാതി കേട്ടു. ബന്ധപ്പെട്ട വാട്ടര്‍ അതോറിറ്റി അധികൃതരെ വിളിച്ച് കാര്യങ്ങള്‍ ആരായുകയും എത്രയും പെട്ടെന്ന് കഴിയുമെങ്കില്‍ ശനിയാഴ്‌ച്ച തന്നെ പ്രശ്നം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തു. വാട്ടര്‍ അതോറിറ്റിയെപ്പറ്റി വേറെയും പരാതി കലക്ടര്‍ക്ക് മുന്നിലെത്തി. ആര്യാട് തെക്ക് തുമ്പോളി എ.എന്‍.ശിവാനന്ദന്‍ എത്തിയത് വാട്ടര്‍ കണക്ഷന്‍ ലഭിക്കാതിരുന്നിട്ടും ബില്ല് രണ്ടുപ്രാവശ്യം ലഭിച്ചുവെന്ന പരാതിയുമായാണ്. അവിടെയും പരാതി സ്ഥലത്ത് പോയി അന്വേഷിച്ച് ഒരാഴ്‌ച്ചയ്ക്കകം റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി.
കലവൂരില്‍ നിന്നുള്ള സജി. ടി. എന്‍ മകന് വികലാംഗ പെന്‍ഷന് അപേക്ഷിച്ചിട്ട് രണ്ടുവര്‍ഷമായിട്ടും നാളിതുവരെ പെന്‍ഷന്‍ ലഭിച്ചില്ല എന്ന പരാതിയുമായാണ് എത്തിയത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് സെക്രട്ടറി ഈ ആഴ്‌ച്ച തന്നെ പ്രശ്നത്തിന് പരിഹാരം കണ്ട് കക്ഷിക്കും കലക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. സ്വന്തമായി വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ പലയിടത്തും അപേക്ഷ നല്‍കിയിട്ടും സാങ്കേതിക കാരണങ്ങളാല്‍ തള്ളിപ്പോയവരും കലക്ടര്‍ക്ക് പരാതിയുമായി എത്തി. പുറക്കാട് തോട്ടപ്പള്ളി ടി. രതിയമ്മ തങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന വീട് തകര്‍ന്നിരിക്കുകയാണെന്നും പുതിയ വീട് ഭൂരേഖ ഇല്ലാത്തതിനാല്‍ പരിഗണിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിയുമായി എത്തിയത്. നിലവില്‍ ഇവര്‍ താമസിക്കുന്ന സ്ഥലത്തിന് പട്ടയം ലഭിച്ചിട്ടില്ലെന്ന് പരിശോധനയില്‍ ബോധ്യമായി. ഇവര്‍ക്ക് മൂന്നുസെന്‍റ് പട്ടയം ലഭിക്കുന്നതിന് വേഗം അപേക്ഷിക്കാനും തുടര്‍ നടപടികളുടെ ഭാഗമായി വീട് നല്‍കുന്നതിന് ഏതെങ്കിലും സ്കീമില്‍ ഉള്‍പ്പെടുത്താനും നടപടിയെടുക്കാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും വിരമിച്ചയാള്‍ സര്‍വീസ് ആനുകൂല്യങ്ങള്‍ തടസപ്പെടുന്നുവെന്ന് കാട്ടിയും കലക്ടര്‍ക്ക് മുന്നിലെത്തി. വകുപ്പിലെ സീനിയര്‍ സൂപ്രണ്ടിനെ വിളിപ്പിച്ച് ജനുവരി 22നകം നിയമപരമായി അര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു. മരം മുറിച്ചുമാറ്റല്‍, വഴിപ്രശ്നം തുടങ്ങി നിരവധി പരാതികളും ജില്ലകലക്ടര്‍ക്കു മുന്നില്‍ എത്തി. പരാതിക്കാര്‍ക്ക് അപേക്ഷ നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ വിവിധ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. കുടിവെള്ളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തി. വിവിധ വകുപ്പുകളുടെ താലൂക്ക് തല ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുത്തു.