ആലപ്പുഴ: ജനങ്ങൾ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ നഗരസഭകളിലും ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കുമെന്ന് ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടർ. പൊതുസ്ഥലങ്ങളിലും മാർക്കറ്റുകളിലും മറ്റ് സ്ഥാപനങ്ങളിലും സർക്കാർ നിർദേശിച്ചിട്ടുള്ള നിയന്ത്രണങ്ങൾ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കുന്നത്. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച ജില്ലാതല യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ നഗരസഭാ പരിധിയിലും ഡെപ്യൂട്ടി തഹസിൽദാർ, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ, ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിങ്ങനെ നാലു പേർ ഉൾപ്പെടുന്ന സംഘമാണ് നിരീക്ഷണം നടത്തുക. ഇവരെ 24 മണിക്കൂറും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് നിയന്ത്രണ ലംഘനങ്ങൾ കണ്ടെത്താനായി നിയോഗിക്കും. ഈ സ്പെഷ്യൽ സ്ക്വാഡിന്‍റെ വാഹനത്തിൽ അനൗൺസ്മെന്‍റ് സൗകര്യവും ഏർപ്പെടുത്തും. എല്ലാ പഞ്ചായത്തിലും വാർഡ്‌തല ജാഗ്രതാ സമിതികൾ ശക്തമാക്കുന്നതിനും തീരുമാനിച്ചു. ദിവസേനയുള്ള 200 സ്വാബ് ടെസ്റ്റുകൾ 400 ആക്കി ഉയർത്താനും തീരുമാനിച്ചു. ലാബ് പരിശോധനാഫലം വേഗത്തിൽ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കും. ലാബ് ടെസ്റ്റുകള്‍ക്കായി കൂടുതൽ മൊബൈൽ ലാബുകള്‍ മൂന്നുദിവസത്തിനകം സജ്ജമാക്കും. മൊബൈൽ ലാബ് യൂണിറ്റുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിൽ സാമൂഹിക വ്യാപന സാധ്യത അറിയുന്നതിനു വേണ്ടി നടപ്പിലാക്കിയ 500 റാപ്പിഡ് ടെസ്റ്റുകളിൽ മുഴുവൻ ഫലവും നെഗറ്റീവ് ആയിരുന്നു. ക്വാറന്‍റൈനില്‍ ഇരിക്കുന്നവര്‍ക്കായി മാനസികാരോഗ്യത്തിന് സഹായം നൽകുന്ന ടീമുകളെ വീണ്ടും സജീവമാക്കാന്‍ തീരുമാനിച്ചു. അവരെ ബന്ധപ്പെടുന്നതിന് കലക്ട്രേറ്റിലുള്ള ഐ.വി.ആര്‍. ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കാര്യക്ഷമമാക്കും. ക്വാറന്‍റൈന്‍ സെന്‍ററുകളില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ തടയാന്‍ പൊലീസ് പട്രോളിങ് ശക്തമാക്കും.
ജില്ലയില്‍ രണ്ട് ആശുപത്രികള്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററായി ഏറ്റെടുത്തു. കായംകുളം എല്‍മെക്‌സ് ആശുപത്രി, ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രി എന്നിവയാണ് ഏറ്റെടുത്തത്. എല്‍മെക്‌സ് ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. സെഞ്ച്വറി ആശുപത്രി ഒരാഴ്ചക്കകം പ്രവര്‍ത്തനം ആരംഭിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയിലെ കൊവിഡ് ആശുപത്രികളായ വണ്ടാനം മെഡിക്കല്‍ കോളജ്, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവയ്ക്ക് പുറമെയാണിത്. നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ ക്വാറന്‍റൈനില്‍ നിന്ന് വിടുതല്‍ നല്‍കു. ജില്ലയില്‍ നിലവിലുള്ള അതിഥി തൊഴിലാളികളുടെ വിവര ശേഖരണ രേഖ പുതുക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും അതിഥി തൊഴിലാളികള്‍ മടങ്ങിയെത്തുന്നുണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കാനായി ജില്ല ലേബര്‍ ഓഫീസറെ ചുമതലപ്പെടുത്തി. ഇതര സംസ്ഥാനത്ത് നിന്നും അതിഥി തൊഴിലാളികള്‍ മടങ്ങിയെത്തിയാല്‍ അവരെ പ്രത്യേകം ക്വാറന്‍റൈനില്‍ പാര്‍പ്പിക്കും. ഇത്തരത്തില്‍ ആളുകള്‍ മടങ്ങിയെത്തിയാല്‍ ഇത് സംബന്ധിച്ച വിവരം നല്‍കാന്‍ അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ നിന്നു തന്നെ ഒരാളെ ക്യമ്പ് ലീഡറായി ചുമതലപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. വിദേശത്ത് നിന്നും തിരികെ എത്തുന്നവരില്‍ വീടുകളില്‍ ഐസൊലേഷന്‍ സൗകര്യമുള്ളവര്‍ക്ക് വീടുകളിലേക്ക് പോകാം. അല്ലാത്തവര്‍ക്ക് സൗജന്യമായി ഐസൊലേഷനില്‍ കഴിയാനുള്ള സംവിധാനങ്ങളും ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് പെയ്‌ഡ് ക്വാറന്‍റൈന്‍ സംവിധാനവും പ്രയോജനപ്പെടുത്താം. സൗജന്യ ക്വാറന്‍റൈന്‍ ഒരുക്കാനായി ഹോട്ടല്‍ മുറികള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയവ വിട്ടു നല്‍കിയവര്‍ക്ക് സര്‍ക്കാര്‍ നിബന്ധനപ്രകാരം മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അടിസ്ഥാന വാടക നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. വെള്ളം, വൈദ്യുതി എന്നിവയുടെ ചെലവുകളും നല്‍കും. കൊവിഡ് കെയര്‍ സെന്‍ററുകള്‍, വാര്‍ഡ്‌തല ജാഗ്രത സമിതി എന്നിവയുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിനായി ജില്ലയിലെ ബ്ലോക്ക്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ എന്നിവരുമായി വിഡിയോ കോണ്‍ഫറന്‍സ് വഴി ഉടന്‍ യോഗം ചേരുമെന്നും കലക്ടര്‍ പറഞ്ഞു.